ആരോഗ്യമന്ത്രാലയം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കോവിഡ് വാക്‌സിന്‍ എടുത്തെന്ന് സാക്ഷിപ്പെടുത്തുന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രവും പേരും നീക്കിയത്. ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ നൽകി വന്നിരുന്ന കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്.
“ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19നെ തോല്‍പ്പിക്കും”- എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും അദ്ദേഹത്തിന്റെ ചിത്രത്തിനുമൊപ്പമാണ് മുന്‍പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രവും പേരും ഒഴിവാക്കി. ക്വാട്ടിനൊപ്പം പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാനാവുക. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം മോദിയുടെ ചിത്രം ഒഴിവാക്കിയത് വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് ആദ്യമായല്ല മോദിയുടെ ചിത്രം കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കുന്നത്. 2022ല്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി ചിത്രം നീക്കിയിരുന്നു.