ന്യൂഡൽഹി: സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഇന്ത്യ തിരിച്ചടി നൽകിയെന്ന് പറഞ്ഞ പ്രധാനമന്ത്രി പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കിയെന്നും വെളിപ്പെടുത്തി.
സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാനെതിരെ നടത്തിയ പ്രതികാര സൈനിക ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും പ്രധാനമന്ത്രി പറഞ്ഞു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ തിരിച്ചടിയായി ഇന്ത്യയുടെ സൈനിക നടപടി ആരംഭിച്ചു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷനിൽ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്റെ സിരകളിൽ ഓടുന്നത് രക്തമല്ല, സിന്ദൂരമാണ്. സിന്ദൂരം മായ്ക്കാൻ ഇറങ്ങിയവരെ ഈ മണ്ണിൽ തന്നെ കുഴിച്ചുമൂടി. ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടത്തിയതിന് കണക്കുകൾ തീർത്തു. ഇന്ത്യ നിശബ്ദമായിരിക്കുമെന്ന് കരുതിയവർ ഇന്ന് വീടുകളിൽ ഒളിച്ചിരിക്കുകയാണ്.
ആയുധങ്ങളിൽ അഭിമാനിച്ചിരുന്നവർ ഇന്ന് അതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. ഇതൊരു പ്രതികാരമല്ല, നീതിയാണ്. ഇതാണ് ഓപ്പറേഷൻ സിന്ദൂർ. ഇത് ശക്തമായ ഇന്ത്യയുടെ രൗദ്ര രൂപമാണ്.
നേരത്തെ അവരുടെ വീടുകളിൽ കയറിയ ശേഷമാണ് നമ്മൾ ആക്രമിച്ചത്, ഇപ്പോൾ നമ്മൾ അവരുടെ നെഞ്ചിൽ അടിക്കുന്നു. ഇതാണ് ഇന്ത്യയുടെ പുതിയ മുഖം. ഭീകരതയുടെ വേരുകൾ പിഴുതെടുക്കും.