കൊല്ലം: പ്ലസ് വൺ പരീക്ഷയുടെ ചോദ്യങ്ങൾ പരീക്ഷയുടെ തലേ ദിവസം വാട്സാപ്പ് ചാനലിൽ ചോർന്നതായി പരാതി. വ്യാഴാഴ്ച നടന്ന പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് വാട്സാപ്പിൽ ലഭിച്ചത്. ചില ചോദ്യങ്ങൾ അതേപടിയും നേരിയ വ്യത്യാസം വരുത്തിയുമാണ് പുറത്തു വിട്ടിരിക്കുന്നത്.(Plus One Maths Exam Questions Leaked Online)
പ്രവചിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്ന രീതിയിലാണ് ചോദ്യങ്ങൾ പുറത്തു വിട്ടതെങ്കിലും ചോദ്യ പേപ്പറിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, 10, 12, 13, 14, 15 ചോദ്യങ്ങള്‍ അതേപടിയും ഏഴ്, 19 ചോദ്യങ്ങള്‍ നേരിയ വ്യത്യാസത്തോടെയും ആണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. കണക്കിന് പുറമെ കെമിസ്ട്രി, ഇംഗ്ലീഷ് പരീക്ഷകളിലും ഇത് ആവര്‍ത്തിച്ചെന്ന് കുട്ടികളും അധ്യാപകരും പറയുന്നു.
ബുധനാഴ്ച ചാനല്‍ കണ്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞു. എന്നാൽ മറ്റുള്ളവര്‍ക്ക് പരീക്ഷ കഠിനമായിരുന്നു. ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരില്‍ ചിലരും ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നവരും തമ്മിലുള്ള അനധികൃത ഇടപെടല്‍മൂലമാണ് ചോദ്യങ്ങള്‍ ചോരുന്നതെന്നും ഇത് പതിവാണെന്നും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിച്ചു.