അച്ചടക്ക നടപടിയുടെയോ, മോശം പെരുമാറ്റത്തിന്റെയോ, താക്കീതിന്റെയോ ഭാഗമായല്ല പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്. കളത്തില്‍ താരങ്ങളെ നിയന്ത്രിക്കുന്ന റഫറിയുമല്ല ഈ കാര്‍ഡ് പുറത്തെടുക്കുന്നത്.Pink card from now on in football matches; Debut in the Copa America Football Championship.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മിബോള്‍ കഴിഞ്ഞ മാസമാണ് പിങ്ക് കാർഡെന്ന പ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പിങ്ക് കാര്‍ഡ് അരങ്ങേറുമെന്ന്. ഒരു രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് പിങ്ക് കാര്‍ഡ് പ്രത്യക്ഷപ്പെടാന്‍ പോകുന്നത്.
കാല്‍പ്പന്ത് കളിയിലെ നിയമങ്ങളുടെ ഉപജ്ഞാതാക്കളായ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് കഴിഞ്ഞ മാര്‍ച്ചിലാണ് പിങ്ക് കാര്‍ഡിന് അംഗീകാരം നല്‍കിയത്. ഈ മാസം 21-ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പിങ്ക് ഔദ്യോഗികമായി അരങ്ങേറുമെങ്കിലും ലോക ഫുട്‌ബോളില്‍ ജൂലൈ ഒന്നു മുതലായിരിക്കും ഇതു നിലവില്‍ വരിക.
ഗ്രൗണ്ടില്‍ ഒരു താരത്തിന് തലയ്ക്ക് ക്ഷതമേറ്റാലോ, കൂട്ടിയിടിച്ച് ബോധക്ഷയമുണ്ടായാലോ ആ താരത്തിനു പകരം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി മറ്റൊരു താരത്തെ ഇറക്കുന്നതിനു വേണ്ടിയാണ് പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്.
ഒരു ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ ഏതെങ്കിലും ടീമിലെ ഒരു താരത്തിന് ഇത്തരത്തില്‍ പരുക്കേറ്റതായി സംശയിച്ചാല്‍ ആ താരത്തിന്റെ ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാള്‍ ഈ പിങ്ക് കാര്‍ഡ് സൈഡ് ലൈനില്‍ നില്‍ക്കുന്ന ഫോര്‍ത്ത് ഒഫീഷ്യലിന് കൈമാറും.
ഇതോടെ ആ താരത്തിനെ പിന്‍വലിക്കാനും പകരം മറ്റൊരു താരത്തെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറക്കാനും ടീമിന് സാധിക്കും.പ്രധാന റഫറിയോ, ഫോര്‍ത്ത് ഒഫീഷ്യലോ പിങ്ക് കാര്‍ഡ് കാണികള്‍ കാണ്‍കെ ഉയര്‍ത്തിക്കാട്ടരുതെന്നും ഫുട്‌ബോള്‍ നിയമം അനുശാസിക്കുന്നു.
ഒരു മത്സരത്തില്‍ ഒരു ടീമിന് നടത്താവുന്ന അനുവദീനയ സബ്‌സ്റ്റിറ്റിയൂഷനുകളുടെ കൂട്ടത്തില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ കൂട്ടരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതോടെ ഒരു ടീമിന് നിശ്ചിത സമയത്ത് ആറ് സബ്‌സ്റ്റിറ്റിയൂഷന്‍ വരെ നടത്താന്‍ പിങ്ക് കാര്‍ഡ് സഹായിക്കും.
ഒരു ടീം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയാല്‍ എതിരാളികള്‍ക്ക് ഒരു സബ്‌സ്റ്റിറ്റിയൂഷന്‍ അധികമായി ഉപയോഗിക്കാനും പിങ്ക് കാര്‍ഡ് നിയമം അനുവദിക്കുന്നു.
ഒരു ടീമിന് അനാവശ്യ മുന്‍തൂക്കം സമ്മാനിക്കുമെന്ന വിലയിരുത്തലിലാണ് ഇരുടീമുകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തില്‍ നിയമമാറ്റത്തിലേക്ക് വഴിവച്ചത്.









