തിരുവനന്തപുരം: ഈ വർഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉടൻ ഉണ്ടാവുമെന്ന് സൂചന. ഏതാനും നാളുകളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ എ പ്രദീപ് കുമാർ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ പുനസ്സംഘടനാ ചർച്ച വീണ്ടും സജീവമായി.
സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ നിയമനം ഉണ്ടാവില്ലെന്ന വിലയിരുത്തലിനിടെയാണ്, പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നിയോഗിച്ചുകൊണ്ടുള്ള തീരുമാനം എത്തിയത്.
എൽഡിഎഫിനു തുടർച്ചയായ മൂന്നാം ടേം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ രാഷ്ട്രീയ നീക്കങ്ങളിലേക്കു കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ പുനസ്സംഘടന അതിലൊന്നായിരിക്കുമെന്നും അവർ കരുതുന്നു.
പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഫിഷറീസ് മന്ത്രി സജി ചെറിയാനെയും മന്ത്രി സ്ഥാനത്തു നിന്നു മാറ്റി പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതിനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
മകളുടെ ഭർത്താവ് കൂടിയായ റിയാസ് മുതിർന്ന നേതാക്കളെ മറികടന്നാണ് മന്ത്രിപദത്തിൽ എത്തിയതെന്ന വിമർശനം രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പായി ഇതിന്റെ മുനയൊടിക്കാൻ പുനസ്സംഘടയിലൂടെ സാധിക്കും. റിയാസിനൊപ്പം പാർട്ടിയിൽ വിശ്വസ്തനായ സജി ചെറിയാനും തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകിയേക്കും.
സ്പീക്കർ എഎൻ ഷംസീറിനെ മന്ത്രിസഭയിൽ എത്തിച്ച് കെകെ ശൈലജയെ സ്പീക്കറാക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോർട്ടുകളിൽ പറയുന്നത്.
സജി ചെറിയാനു പകരം പിപി ചിത്തരഞ്ജൻ മന്ത്രിസഭയിൽ എത്തിയേക്കുമെന്നാണ് മറ്റൊരു വിവരം. തോട്ടത്തിൽ രവീന്ദ്രൻ, കെ ആൻസലൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
സാമുദായിക സന്തുലനം പ്രകടമായിത്തന്നെ പാലിച്ച് കോൺഗ്രസ് നേതൃത്വ പുനസ്സംഘടന നടത്തിയത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് സിപിഎം നിലവിൽ പരിശോധിക്കുന്നുണ്ട്. ഇതു കൂടി മനസ്സിൽ വച്ചാവും മന്ത്രിസഭാ പുനസ്സംഘടനയെന്നാണ് സൂചനകൾ.









