മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമാണ് അദ്ദേഹം യാത്ര തിരിച്ചത്.
ചീഫ് സെക്രട്ടറി എ.ജയതിലക് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ എന്നിവരെ മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
അതേസമയം യുഎസിലേക്കു പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. യുഎസിലിരുന്ന് സംസ്ഥാനഭരണം നിയന്ത്രിക്കുക മുഖ്യമന്ത്രി തന്നെയാവും എന്നാണ് വിവരം.
ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ അദ്ദേഹം ഇ–ഓഫിസ് വഴി കൈകാര്യം ചെയ്യും.
ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പോരായ്മകള്‍ സംബന്ധിച്ച് വലിയതോതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തുടര്‍ചികിത്സയ്ക്കായി യുഎസിലേക്കു യാത്ര പുറപ്പെട്ടത്.
നേരത്തെ മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ യാത്ര. 2018ലാണ് ആദ്യമായി ചികിൽസയ്ക്ക് പോയത്.
2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറിൽ തന്റെ ഒന്നാം സർക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നത്.
10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
‘ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും’; മുഖ്യമന്ത്രി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിന്ദുവിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും എന്നും മുഖ്യമന്ത്രി അറിയിച്ചു. അവരുടെ ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വസിപ്പിക്കുന്നതാണെന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ മന്ത്രി വി എന്‍ വാസവന്‍, ബിന്ദുവിന്റെ വീട്ടിലെത്തി.
ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അവർക്ക് താത്കാലിക ധനസഹായമായി 50000 രൂപയും കൈമാറി. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
കൂടാതെ ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി വാസവന്‍ ഉറപ്പ് നല്‍കി. മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും എന്നും മന്ത്രി അറിയിച്ചു.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. ഈ മാസം പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം.
കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും കുടുംബത്തിന് ചെയ്തുകൊടുക്കേണ്ടതൊക്കെ ചെയ്യുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
അതേസമയം ബിന്ദുവിന്റെ വീട്ടിൽ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ജില്ലാ കളക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ട് ആണ് സർക്കാരിന് സമർപ്പിക്കുക.
Summary: Kerala Chief Minister Pinarayi Vijayan has departs to United States for advanced medical treatment. He departed on an early morning flight accompanied by his wife Kamala and close aides.