റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് ഇതുവരെ സമാഹരിച്ചത് 20 കോടി രൂപയോളം. ഓരോ സെക്കൻഡിലും പണം വന്നുകൊണ്ടിരിക്കുകയാണ്. ബാക്കി തുകയും വരും മണിക്കൂറുകൾക്കകം അക്കൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.34 കോടി രൂപ ദിയ ധനം നൽകാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അകൗണ്ടിലേക്ക് പണമൊഴുക്കുകയാണ് മലയാളികൾ ഉൾപ്പടെയുള്ള മനുഷ്യസ്നേഹികൾ.
സമയം ഒട്ടും പാഴാക്കാനില്ലാത്ത അവസ്ഥയിൽ ദിയ ധനം നൽകേണ്ട കുടുംബത്തിന്റെ വക്കീലുമായി കൂടിക്കാഴ്ച ഇന്നോ നാളെയോ നടക്കുമെന്ന് എംബസി ഉദ്യോഗസ്ഥനും തുടക്കം മുതൽ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന യൂസഫ് കാക്കഞ്ചേരി പറഞ്ഞു. കൂടിക്കാഴ്ചയിൽ കരാർ അനുസരിച്ചുള്ള പണം സമാഹരിച്ച വിവരം വാദി ഭാഗത്തെ അറിയിക്കും. തുടർന്നുള്ള കോടതി നടപടികൾ ആരംഭിക്കാനും അഭ്യർത്ഥിക്കും.
അതേസമയം നാട്ടിൽ സമാഹരിച്ച പണം അതിവേഗം സൗദിയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ എംബസി നേരത്തെ ആരംഭിച്ചിട്ടുണ്ട്. അതിനായി വിദശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ആരായുന്നുണ്ട്. പെരുന്നാൾ അവധി കഴിയുന്നതോടെ വാദിഭാഗത്തെ കോടതിയിലെത്തിച്ച് റഹീമിന്റെ മോചനത്തിനായുള്ള കോടതി വിധി നേടാനുള്ള ശ്രമത്തിലാണ് സഹായ സമിതിയും എംബസിയും.
റഹീമിന് പുറത്തിറങ്ങാനുള്ള കോടതി വിധിക്കായി കാത്തിരിക്കുകയാണ് ആഗോള മലയാളി സമൂഹം. മലയാളി സമൂഹത്തിന്റെ വിശ്രമ മില്ലാത്ത പ്രയത്നം ലക്ഷ്യം കാണുന്ന ദിവസം അതിവിദൂരമല്ലെന്നാണ് കരുതുന്നതെന്ന് റിയാദ് അബ്ദുൽ റഹീം സഹായ സമിതി പറഞ്ഞു. വ്യത്യസ്ത ദേശക്കാർ തൊഴിലെടുക്കുന്ന ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ മലയാളികൾക്ക് ഇത് അഭിമാന നിമിഷമാണ്. മലയാളികളുടെ സംഘബോധം ഖ്യാതി കേട്ടതാണ് പുതിയ സംഭവം അതിന് മുകളിലുള്ള കിരീടമാകും.