കൊച്ചി: പോക്‌സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ വെറുതെവിട്ടു. അതിജീവിതയെ ബലാത്സംഗം ചെയ്യാൻ തന്റെ മാനേജറായ ജോഷിക്ക് സഹായം ചെയ്തുകൊടുത്തുവെന്ന കേസിലാണ് കുറ്റവിമുക്തനാക്കിയത്.Perumbavoor fast track court acquits Monson Mavunkal in POCSO case
കേസിലെ രണ്ടാം പ്രതിയായ മോൻസണെ പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതിയാണ് വെറുതെവിട്ടത്.
മോൻസൺ കുറ്റക്കാരനല്ലെന്ന് നിരീക്ഷിച്ച കോടതി കേസിലെ ഒന്നാം പ്രതിയായ ജോഷി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇന്നുച്ചയ്ക്ക് ഒരുമണിയോടുകൂടി കേസിന്റെ വിധി പുറത്തുവരുമെന്നാണ് വിവരം.
മോൻസൺ മാവുങ്കലിനെതിരായ രണ്ടാമത്തെ കേസിലാണ് വിധി വന്നത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരിയുടെ 17കാരിയായ മകളെ ജോഷി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി.
കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ച കുറ്റമാണ് മോൻസണിന്റെമേൽ ചുമത്തിയിരുന്നത്.
അതേസമയം, 17കാരിയെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കഴിഞ്ഞവർഷം ജൂണിൽ എറണാകുളം പോക്‌സോ കോടതി വിധിച്ചിരുന്നു.
പോക്‌സോ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്നും കുറ്റങ്ങൾ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്.
മോൻസണിന്റെ വീട്ടിൽ 2019ലാണ് ആദ്യ പീഡനം നടന്നത്. പിന്നീട് പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷവും നിരവധി തവണ പീഡിപ്പിച്ചു. കേസിൽ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്.
അതേസമയം, തന്നെ ബോധപൂർവം കുടുക്കാനായി പൊലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നാണ് മോൻസൺ വാദിച്ചത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും പരാതിയിൽ ഉറച്ചുതന്നെ നിൽക്കുകയായിരുന്നു.