മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ എട്ട് പേർ കൂടി പിടിയൽ. പ്രതികൾ മോഷ്ടിച്ച മൂന്നര കിലോ സ്വർണത്തിൽ പകുതിയോളം കണ്ടെടുത്തതായാണ് വിവരം.
റിമാൻഡിൽ ആയ രണ്ട് പേരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്തിരുന്നു.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ പത്തായക്കുന്ന് പാട്ടിയം ശ്രീരാജിൽ നിജിൽ രാജ്, പത്തായക്കുന്ന് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്.
പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന സഹോദരങ്ങളെയാണ് അക്രമി സംഘം കാറിൽ പിന്തുടർന്ന് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയ ശേഷം സ്വർണം കവർന്നത്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷന് സമീപത്തുള്ള ഇവരുടെ വീടിന് മുന്നിലെ ഗേറ്റിന് സമീപത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
അക്രമിസംഘം സഹോദരങ്ങളെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് കണ്ടെത്തിയിരുന്നു. സഹോദരങ്ങൾ കടയിൽ നിന്ന് ഇറങ്ങിയത് മുതൽ അക്രമികൾ ഇവരെ പിന്തുടർന്നിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈഎസ്പി ടികെ ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.









