സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ.സി ബസിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ജനത സർവീസ് സൂപ്പർ ഹിറ്റ്. ഇതുവരെ 98,986 പേരാണ് ബസിൽ യാത്ര ചെയ്തത്. ഒൻപത് മാസത്തെ കളക്ഷൻ 53.64 ലക്ഷം രൂപയാണ്. തിരുവനന്തപുരത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ, ആർ.സി.സിയിലേക്കും മെഡി. ആശുപത്രിയിലേക്കും പോകുന്നവരാണ് കൂടുതലയും ജനത സർവീസിനെ ആശ്രയിക്കുന്നത്. കൊല്ലം യൂണിറ്റിൽ നിന്ന് പുറപ്പെടുന്ന സർവീസുകളിലാണ് യാത്രക്കാർ കൂടുതൽ.
കഴിഞ്ഞ സെപ്തംബർ 18നാണ് കൊല്ലം – തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിച്ച് ജനത സർവീസ് ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി എ.സി ബസുകളുടെ പതിവ് നിറത്തിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തും പിന്നിലും നീലനിറമാണ് ജനത ബസിനുള്ളത്. കിലോമീറ്ററിന് 55 പൈസയാണ് യാത്ര നിരക്ക്. 20 രൂപയാണ് മിനിമം ചാർജ്. കൊല്ലം- തിരുവനന്തപുരം യാത്ര നിരക്ക് 184 രൂപയാണ്. ഓരോ സ്‌റ്റോപ്പിലും ബസിന്റെ കുറഞ്ഞ നിരക്ക് കണ്ടക്ടർ വിളിച്ച് പറഞ്ഞാണ് യാത്രക്കാരെ ആകർഷിക്കുന്നത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സ്‌റ്റോപ്പുകളാണ് ജനത ബസുകൾക്ക് ഉള്ളത്.
കൊല്ലം യൂണിറ്റിൽ നിന്ന് രണ്ടും കൊട്ടാരക്കര യൂണിറ്റിൽ നിന്ന് ഒന്നും ഉൾപ്പെടെ മൂന്ന് എ.സി ലോ ഫ്‌ളോർ ബസുകൾ ജനത സർവീസിന് നൽകിയിട്ടുണ്ട്. കൊല്ലത്ത് നിന്ന് 7.15നാണ് ആദ്യ ബസ് പുറപ്പെടുക. വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് തിരിക്കും. രണ്ടാമത്തെ ബസ് 7.40ന് കൊല്ലം സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. കൊട്ടാരക്കരയിൽ നിന്ന് രാവിലെ 7.15നാണ് പുറപ്പെടുന്നത്. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിക്കും. രണ്ട് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും എന്നതാണ് ജനത ബസിന്റെ പ്രത്യേകത.
Read More: കാഴ്ചക്കാരായി യാത്രക്കാർ; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിലടി, ആറുപേർക്കെതിരെ കേസ്
Read More: കാസർകോട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ