ബ്രെക്‌സിറ്റിന് ശേഷം ഇറച്ചിയുടെ ഗുണനിലവാര പരിശോധനകൾ ദുർബലമായത് മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ. ശരിയായ പരിശോധനകൾക്ക് വിധേയമാകാത്ത ഇറച്ചികൾ യു.കെ.യിലേയ്ക്ക് വ്യാപകമായി എത്തുന്നുവെന്ന് പ്രാദേശിക അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമീപകാലത്ത് പക്ഷിപ്പനിയും , കുളമ്പുരോഗവും ഉൾപ്പെടെയുള്ള ജന്തു ജന്യ രോഗങ്ങൾ പിടിപെട്ടതും ഗുണനിലവാരമില്ലാത്ത ഇറച്ചി വിൽപ്പനയും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതോടെ വിശ്വസ്തത പുലർത്തുന്ന ബ്രാൻഡുകളുടെ ഇറച്ചി വാങ്ങിയില്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
ബ്രെക്‌സിറ്റിന് ശേഷം യു.കെ.യിൽ ഉണ്ടായ വാണിജ്യ വാഹനങ്ങളുടെ പരിശോധനയിൽ ഉണ്ടായ വീഴ്ചയാണ് ഗുണനിലവാരമില്ലാത്ത ഇറച്ചി രാജ്യത്തേക്ക് എത്തുന്നതിന് കാരണമായി പറയുന്നത്. അതിർത്തി കടക്കുന്ന വാഹനങ്ങളെ മറ്റൊരു പരിശോധനാ കേന്ദ്രത്തിലേക്ക് പറഞ്ഞുവിടുന്ന സംവിധാനമാണ് നിലവിലുള്ളത്. എന്നാൽ പല വാഹനങ്ങളും ചരക്കുകളുമായി പരിശോധനാ കേന്ദ്രത്തിൽ എത്തുന്നില്ല. ഇത് പലപ്പോഴും ഗുരുതരമായ വീഴ്ച്ചയ്ക്ക് കാരണമാകുന്നു.
ഇതോടെ രാജ്യത്തെ ജൈവ സുരക്ഷ അപകടത്തിലാണെന്ന് വാദിക്കുന്നവരുമുണ്ട്. കുളമ്പു രോഗത്തെ തുടർന്ന് ജർമൻ മാംസം ഇറക്കുമതി ചെയ്യുന്നതിന് യു.കെ.യിൽ നിലവിൽ നിയന്ത്രണമുണ്ട്. 100 ടൺ ഇറച്ചി ഭക്ഷയയോഗ്യമല്ലെന്നു കണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ അധികൃതർ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
Content Summary: Local and international media are reporting that meat that has not undergone proper testing is widely selling in UK.