മനാമ: ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന പോൾ സേവ്യർ കൊച്ചിയിൽ മടങ്ങി എത്തി. 1978ൽ തന്റെ 19ാം വയസിൽ ബഹ്റൈനിലെത്തിയ പള്ളുരുത്തി ഇ.എസ്.ഐ റോഡ് പുന്നക്കാട്ടിശ്ശേരി പോൾ സേവ്യർ ആണ് സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയത്
വന്ന കാലത്ത് മാതാവുമായി കത്തിടപാടുകൾ നടത്തിയിരുന്ന ഇദ്ദേഹത്തിന് പതിയെ കുടുംബവുമായുള്ള ബന്ധം മുറിഞ്ഞുപോവുകയായിരുന്നു. ബഹറിനിൽ നിർമ്മാണമേഖലയിലായിരുന്നു ഇയാൾ ജോലി ചെയ്തു വന്നിരുന്നത്.
2011ൽ സംഭവിച്ച ഒരു അപകടത്തെത്തുടർന്ന് ആശുപത്രിയിലായ സേവ്യറിന്റെ ഓർമ നഷ്ടപ്പെട്ട്, മുഹറഖ് ജെറിയാട്രി ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കവെയാണ് സാമൂഹ്യപ്രവർത്തകർ ഈ കാര്യം അറിയുന്നത്.
കഴിഞ്ഞ 13 വർഷമായി ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹത്തെ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോൾ നാട്ടിലേയ്ക്ക് എത്തിക്കാൻ സാധിച്ചത്.
കേരളത്തിൽനിന്നുള്ള സാമൂഹിക പ്രവർത്തകരായ ജോസ് മോൻ മഠത്തിപറമ്പിൽ, ഷാജു എന്നിവർ വീട്ടുകാരുമായി ബന്ധപ്പെടുകയും, പള്ളുരുത്തിയിലുള്ള മൂത്ത സഹോദരൻ പോളിനെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തതോടെയാണ് യാത്ര സഫലമായത്.
ഇന്ത്യൻ എംബസി അധികൃതരും മുഹറഖ് ജെറിയാട്രി ആശുപത്രി അധികൃതരും ബഹ്റൈൻ എമിഗ്രേഷൻ വിഭാഗവും തിരികെയുള്ള യാത്രക്കുവേണ്ട സഹായങ്ങൾ നൽകി. കൊച്ചി എയർപോർട്ടിൽവെച്ച് കുടുംബാംഗങ്ങൾ പോളിനെ സ്വീകരിച്ചു.