പത്തനംതിട്ട: പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് കുത്തിപിടിച്ച് നിലത്തടിച്ചു.
ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതാണ് പ്ലസ്‌ടു വിദ്യാർത്ഥിയെ പ്രകോപിച്ചതെന്ന് പോലീസ് പറയുന്നു. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദ്ദനമേറ്റത്.
പത്തനംതിട്ടയിടെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ഇവിടെ വിദ്യാർത്ഥിനികളെ കമൻ്റടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എസ്ഐയും സംഘവും സ്ഥലത്തെത്തിയത്.
ഈ സമയത്താണ് സ്റ്റാൻഡിലൂടെ കറങ്ങി നടന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽ പോകാൻ പറഞ്ഞതോടെ അത് ചോദിക്കാൻ താൻ ആരാണെന്ന് ചോദിച്ച് വിദ്യാർത്ഥി എസ്ഐയോട് തട്ടിക്കയറുകയായിരുന്നു.
തുടർന്ന് കുട്ടിയെ സ്റ്റേഷനിലേക്ക് കൈ പിടിച്ച് കൊണ്ടുപോകാൻ ശ്രമിക്കവേ പിന്നിൽ നിന്ന് ആക്രമിച്ചു.
എസ്ഐയുടെ തലയിൽ കമ്പി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.
പിന്നീട് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ വിദ്യാർത്ഥിയെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ലോക്കപ്പിൽ കിടന്നും വിദ്യാർത്ഥി ബഹളം വച്ചു.