കാഞ്ഞങ്ങാട്: മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ചതിന്റെ പേരിൽ ഇറക്കി വിട്ടതിന് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യുവാവ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം.(Passenger threw stone at train; One person was injured)
മംഗലാപുരത്തുനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു.
ഈ സമയം ട്രെയിനിന് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരന്റെ തലയിലാണ് കല്ല് പതിച്ചത്. കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളിയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.