ഡൽഹി: തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിൻറെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്. ബിഎൻഎസ് സെക്ഷൻ 223 പ്രകാരം ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്ട്രർ ചെയ്തിട്ടുള്ളത്. ആതിഷിയുടെ വാഹന വ്യൂഹവും ആൾക്കൂട്ടവും ചിത്രീകരിക്കുന്നതിനിടെ ഒരു പൊലീസുകാരനെ ആം ആദ്മി പാർട്ടി പ്രവർത്തകൻ തല്ലിയെന്ന ആരോപണവും നിലവിലുണ്ട്.
കൽക്കാജി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി 10 ഓളം വാഹനങ്ങളും 50-70 ഓളം ആളുകളുമായെത്തി ഫത്തേഷ് സിങ് മാർഗിൽ നിൽക്കുകയായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടപ്രകാരം അവരോട് അവിടെ നിന്ന് മാറി പോകാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അവിടെ തന്നെ തുടരുകയും പൊലീസിൻറെ കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
കൽക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് രമേശ് ബിധുരി. രമേശ് ബിധുരിയും കുടുംബാഗങ്ങളും നടത്തുന്ന തുറന്ന പെരുമാറ്റ ചട്ട ലംഘനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷനോ പൊലീസോ ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും ഇതിനെതിരെ താൻ പരാതി നൽകിയിരുന്നുവെന്നും, എന്നാൽ തനിക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നു എന്നും ആതിഷി എക്സിൽ കുറിച്ചു.