കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗൺസലിംഗ് നല്‍കാന്‍ നിർദേശിച്ച് ഹൈക്കോടതി. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ സേവനം നല്‍കണം. നിയമ സേവന അതോറിറ്റി ഇതിന്റെ റിപ്പോര്‍ട്ട് 21 ന് ഹൈക്കോടതിക്ക് നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.(Pantheeramkavu case will be quashed; The High Court directed Rahul and the complainant to counselling)
ഇരുവരും കൗണ്‍സലിംഗിന് ഹാജരായതിന് ശേഷമാണ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. ഇരുവരുടെയും സമാധാനപരമായ വിവാഹ ജീവിതത്തിനായാണ് കേസ് റദ്ദാക്കുമെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതി രാഹുല്‍ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണ്. എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. രാഹുലിനെതിരെ പരാതിയില്ലെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും യുവതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ കേസ് ഗൗരവതരമാണെന്നും രാഹുല്‍ യുവതിയെ മര്‍ദ്ദിച്ചതിന് തെളിവുകളുണ്ടെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ശരീരത്തില്‍ മുറിവുകളോടെയാണ് പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം വ്യക്തമാണ്. പരാതിയില്‍ പറഞ്ഞത് മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചിട്ടുണ്ട്. രാഹുലിന്റെ സമ്മര്‍ദ്ദം കാരണമാണ് കേസ് റദ്ദാക്കണമെന്ന് യുവതി സത്യവാങ്മൂലം നല്‍കിയത് എന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.