പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ. തിക്കും തിരക്കിനുമിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. ‘മൂന്നാംവരവ് 3.0’ എന്ന പേരിൽ നടത്തിയ സംഗീത പരിപാടിയിൽ സൗജന്യമായിട്ടായിരുന്നു പ്രവേശനം.
കോട്ടമൈതാനത്തെ വേദിയിലേക്ക് വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. തുടർന്ന് മൂന്ന് പാട്ട് പാടി വേടന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്. ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് കടക്കുകയായിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോലീസ് കാണികൾക്ക് നേരെ ലാത്തിവീശി. ഇതേ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ചിലർ കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്ക് നേരെയും പോലീസ് ലാത്തിവീശി. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.