പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ
പാലക്കാട് ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലയിലെയും പികെഎസ് വില്ലേജ് കമ്മിറ്റിയിലെയും അംഗമാണ് അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പണത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് കുറച്ചു നേരത്തിനു ശേഷമാണ് ശിവകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്കുശേഷം സമീപവാസിയാണ് വീടിനടുത്തുള്ള പറമ്പിലെ ഒരു മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണുന്നത്.
വാർഡിലെ സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പണത്തിനായി ഉച്ചയ്ക്ക് 12 മണിയോടെ പ്രവർത്തകരോടൊപ്പം പോയതായാണ് വിവരം. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ലെന്ന് സുഹൃത്തുക്കളും പ്രാദേശിക നേതാക്കളും പറഞ്ഞു.
അഞ്ചു വർഷമായി തറക്കളം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശിവകുമാർ വടക്കോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പത്രവിതരണത്തിലും പങ്കാളിത്തമുണ്ടായിരുന്നു. അവിവാഹിതനാണ്.
സംഭവസ്ഥലത്തെത്തിയ കസബ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചന്ദ്രനഗർ ശ്മശാനത്തിൽ നടക്കും.
English Summary
A CPM branch secretary, Shivakumar (29), was found hanging near his house at Elappully, Palakkad. He had returned home after accompanying party workers for the nomination filing of the local body election candidate.
palakkad-cpm-branch-secretary-found-dead
Palakkad, CPM, Suicide, DYFI, LocalBodyElection, KeralaNews









