പാലക്കാട്: കല്ലടിക്കോട് ലോറി മറിഞ്ഞ് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്ത് പോലീസ്. കാസര്‍കോട് സ്വദേശികളായ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.(Palakkad accident; driver and cleaner in custody)
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ഇരുവരും ചികിത്സയിൽ കഴിയുന്നത്.
അപകടസമയത്ത് വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി.