തിരുവനന്തപുരം: പദ്മജ വേണുഗോപാലിന് പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചുവടുമാറുന്നു. ലീഡർ കെ കരുണാകരന്റെ സന്തതസഹചാരിയും, ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കോൺഗ്രസ് നേതാവ് തമ്പാനൂർ സതീഷും പാർട്ടി വിട്ടു. നേരത്തെ തമ്പാനൂർ സതീഷ് ഡിസിസി ജനറൽ സെക്രട്ടറി പദവി രാജിവച്ചിരുന്നു. കെപിസിസി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയമെന്ന് ആരോപിച്ചാണ് രാജിവച്ചത്. കെപിസിസി പുനഃസംഘടനയിലും പ്രതിഷേധം ഉണ്ടെന്ന് തമ്പാനൂർ സതീഷ് പറഞ്ഞിരുന്നു. കോൺഗ്രസിൽ നടക്കുന്നത് ഏകപക്ഷീയ വാഴ്ചയാണെന്നാണ് തമ്പാനൂർ സതീഷ് പറഞ്ഞിരുന്നത്. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സതീഷ് പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോൾ ബിജെപിയിൽ ചേരാനായി ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്‌മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഇടത്, വലത് മുന്നണികളിൽ നിന്ന് നേതാക്കൾ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരിക്കെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത്. പുതുതായി പാർട്ടിയിൽ ചേരുന്ന നേതാക്കൾ പ്രമുഖരാവുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.