കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’
കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും പാദപൂജ വിവാദം. ഇരു സ്ഥലങ്ങളിലുമുള്ള സ്കൂളുകളിലാണ് വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചത്.
കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്ന ഒരു സ്കൂൾ. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ നടത്തുകയായിരുന്നു.
മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജ നടത്തി എന്നാണ് വിവരം. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി വിവരമുണ്ട്.
സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ നടന്ന പാദ പൂജയാണ് ആദ്യം വിവാദമായത്.
പിന്നാലെ മറ്റുള്ള സ്കൂളുകളിൽ കൂടി ചടങ്ങ് നടത്തിയെന്ന വിവരം പുറത്തു വരികയായിരുന്നു.
ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് വ്യാസജയന്തി ദിനം, ഗുരുപൂര്‍ണിമ എന്ന പേരിൽ പാദ പൂജ നടന്നത്. വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ നടത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവാദം കനത്തത്. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം ആണ് പുറത്തു വന്നിരിക്കുന്നത്.
ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ അടക്കം രംഗത്ത് വന്നിട്ടുണ്ട്.
ഇത്തരം നടപടികൾ പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
കര്‍ശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി
അതേസമയം വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഇത്തരം പ്രവർത്തികൾ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്.
ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാസര്‍കോട് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ട്. ഇത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ്.
സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഈ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തു.
Summary: Following the controversy over pada pooja rituals at Saraswati Vidyalaya in Bandaduka, Kasaragod, similar incidents have emerged in schools in Kannur and Mavelikkara. Students were reportedly made to wash the feet of teachers, sparking widespread criticism.