കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടർന്ന് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.(P P Divya removed from the post of Kannur District Panchayat President)
നവീൻ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഇതേ തുടർന്ന് ദിവ്യക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്.