സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുന്നു. പുസ്തകങ്ങളും ചുമലിലേറ്റി കുട്ടികൾ സ്കൂളിലെക്ക് പോയിത്തുടങ്ങും.
കോടതികളും കേന്ദ്രസർക്കാരും ഇടപെട്ടിട്ടും അമിതഭാരം ചുമന്നാണ് കേരളത്തിലെ കുട്ടികളുടെ സ്കൂൾയാത്ര. ബാഗിന്റെ തൂക്കം ശരീരഭാരത്തിന്റെ പത്തിലൊന്നിൽ കൂടിയാൽ ആരോഗ്യപ്രശ്നമുണ്ടാകുമെന്നിരിക്കെ, സ്വന്തം ഭാരത്തിന്റെ 25 ലേറെ ചുമലിൽ വഹിച്ചാണ് കുട്ടികളുടെ യാത്ര. മഹാരാഷ്ടയിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ ഒരു പുസ്തകവും ഒരു ബുക്കും മാത്രം നൽകുമ്പോൾ കേരളത്തിലെ അവസ്ഥയാണിത്.
കേരളത്തിൽ ചില പുസ്തകങ്ങൾ രണ്ടോ മൂന്നോ വാല്യങ്ങളാക്കിയെങ്കിലും കാര്യമായി ഭാരം കുറഞ്ഞില്ല. കേന്ദ്ര സിലബസ് സ്കൂളുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഓരോ വാല്യവും 60 പേജിൽ നിജപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശവും ബുക്കിലും പുസ്തകത്തിലും ഭാരമെത്രയെന്ന് അച്ചടിക്കണമെന്ന കേന്ദ്രനിർദ്ദേശവും അവഗണിച്ചു. അമിതഭാരം വരുത്തുന്ന ദോഷങ്ങൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയടക്കം ഉത്തരവിറക്കിയിരുന്നു. പുസ്തകങ്ങൾ വിവിധ വാല്യങ്ങളാക്കുക, ചെറിയ ക്ലാസിലെ പുസ്തകങ്ങളും ബുക്കുകളും സ്കൂളിൽ സൂക്ഷിക്കുക, ഒന്നും രണ്ടും ക്ലാസുകളിൽ ഹോംവർക്ക് ഒഴിവാക്കുക, ഉച്ചഭക്ഷണവും വെള്ളവും സ്കൂളുകളിൽ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളെല്ലാം കാറ്റിൽപ്പറന്നു.
അമിത ഭാരം ചുമക്കൽ മൂലം കടുത്തക്ഷീണം, പേശിവേദന, ശരീരത്തിന്റെ സ്വാഭാവിക വളവിൽ വ്യതിയാനം, തോളെല്ല് വേദന, പുറംവേദന, ശ്വസനപ്രശ്നങ്ങൾ, മാനസികത്തളർച്ച, പഠനത്തിൽ താത്പര്യക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടാകാം.