ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ് എന്ന് എംവിഡി. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ആകെ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു.
വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ഒരു മണിക്കൂറോളമായി ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലേക്കാണ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറിയത്. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥികൾ. ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ബസിന്റെമുൻസീറ്റിലിരുന്ന നാലു പേർക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുൻവശത്തെ ഗ്ലാസും തകർന്നുവീണു.
2010 മോഡൽ ഷെവർ ലേ ടവേര കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്നു. കെഎസ്ആർടിസിയുടെ മൂലയിലാണ് ഇടിച്ചത്. വലതുവശത്തെ പില്ലറിന്റെ പുറകിലാണ് ഇടി കിട്ടിയതെന്നാണ് നിഗമനമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം നിരയിലെ സീറ്റിൽ ഇരുന്നവർക്കാണ് കൂടുതൽ ആഘാതമേറ്റത്. കൂടുതൽ പേർ ഞെരുങ്ങി ഇരുന്നതിനാൽ മുഖവും തലയുമൊക്കെ കൂട്ടിയിടിച്ച് കൂടുതൽ അപകടം ഉണ്ടാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർഥിയുടെ നിലയും ഗുരുതരമാണ്. വണ്ടാനം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായിട്ടാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിട്ടുളളത്.