കൊച്ചി: സംസ്ഥാന സർക്കാർ മദ്യനയം തിരുത്തണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ, മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണെന്ന് ഓർത്തഡോക്സ് സഭ പറയുന്നു.
കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നത് പോലെയാണ് സർക്കാർ നിലപാടെന്നും ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി. മദ്യ വർജ്ജന സമിതി പ്രസിഡന്റായ യൂഹാനോൻ മാർ പോളികാർപ്പോസിൻറെതാണ് വിമർശനം.
സംസ്ഥാനത്ത് ബാറുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുകയാണെന്നും കഴിഞ്ഞ 9 വർഷത്തിനിടെ ബാറുകളുടെ എണ്ണം കൂടി. ആർക്കും മദ്യക്കച്ചവടം നടത്താമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ പോകുന്നത്.
ഒരുവശത്ത് ലഹരി ഉപയോഗം കേരളത്തെ കാർന്ന് തിന്നുമ്പോൾ മറുവശത്ത് മദ്യമൊഴുക്കുന്നത് യുവ സമൂഹത്തെ തകർക്കുമെന്നും ഓർത്തഡോക്സ് സഭ പറയുന്നു.
ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തിയ ശേഷം മദ്യം സുലഭമാക്കുന്നത് കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതു പോലെ മാത്രമേ കാണാൻ സാധിക്കുവെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.
അതേസമയം സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെഎസ്ഇബിസി അടക്കം രംഗത്ത് വന്നിരുന്നെങ്കിലും 2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.
ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രൈഡേയിൽ മദ്യം നൽകാം എന്നതാണ് പുതിയ നയം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്.
മദ്യം വിളമ്പുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിർദേശം.
അതേ സമയം ബീവറേജുകളിലും ബാറുകൾക്കും ഡ്രൈഡേ തുടരും. ബാറുകളുടെ വാർഷിക ലൈസൻസ് തുക 35 ലക്ഷം എന്നതിൽ മാറ്റമില്ലെന്നാണ് വിവരം.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നൽകാം. ഇതിനായി യാനങ്ങൾക്ക് ബാർലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി.