തൃശ്ശൂര്‍: തൃശ്ശൂർ കോർപ്പറേഷനിൽ പ്രതിഷേധിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ യോഗത്തിനിടെയാണ് പ്രതിഷേധം നടന്നത്.
തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
എം.ജി. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ബൈക്കില്‍ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം നടന്നത്.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ. പല്ലന്‍ രാജിവെക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ ഡെസ്‌കില്‍ കയറിയ ആളെ മേയര്‍ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടന്‍ കുറച്ചുപേര്‍ക്കൂടി ഡെസ്‌കില്‍ കയറുകയായിരുന്നു. അതോടെ 10 പേരെക്കൂടി സസ്പെന്‍ഡ് ചെയ്തു.
പിന്നാലെ ബാക്കി പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഡെസ്‌ക്കില്‍ കയറുകയായിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷം പേരെയും അടുത്ത മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇതിനിടെ കൗണ്‍സിലിനെ അപമാനിച്ച പ്രതിപക്ഷ കക്ഷി നേതാവ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാരും യോഗത്തിൽ ബഹളംവെച്ചു.
Summary: Opposition councilors in Thrissur Corporation were suspended following a protest during a council hall meeting.