ന്യൂഡൽഹി: ഉത്സവ സീസൺ തുടങ്ങിയതോടെ ഓൺലൈൻ വ്യാപാര രംഗത്ത് വൻ കുതിപ്പ്. പ്രധാന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ച് വെറും ഒരു ആഴ്ചക്കുള്ളിൽ ₹60,700 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം ഉയർന്നതാണ് ഇത്തവണത്തെ വിൽപന.
വിപണി പ്രവണതകൾ വിലയിരുത്തുന്ന ഡാറ്റം ഇന്റലിജൻസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷത്തെ മൊത്തം വിൽപന ₹1.2 ലക്ഷം കോടി രൂപ കടക്കുമെന്നാണ് റിപ്പോർട്ടിന്റെ സൂചന. അതിൽ പകുതിയിലധികം വിൽപന ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. യൂനികൊമേഴ്സ് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്.
സെപ്റ്റംബർ 22-നാണ് ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പെടെയുള്ള പ്രമുഖ ഇ-കോമേഴ്‌സ് കമ്പനികൾ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ജി.എസ്.ടി കുറച്ചത് ഉപഭോക്താക്കൾ കൂടുതൽ സജീവമായി ഓൺലൈൻ ഷോപ്പിങ്ങിലേക്ക് തിരിയാൻ കാരണമായെന്നാണ് വിലയിരുത്തൽ.
മൊബൈലുകൾ മുൻപന്തിയിൽ
വിൽപ്പനയിൽ മുന്നിട്ടത് മൊബൈൽ ഫോണുകളാണ്. മൊത്തം ഓൺലൈൻ വിൽപനയിൽ 42 ശതമാനവും മൊബൈൽ ഫോണുകളിലൂടെയാണ്.
ഇലക്ട്രോണിക്സും അപ്ലയൻസുകളും ഉയർന്നു
ടി.വി, ലാപ്ടോപ് ഉൾപ്പെടുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 34 ശതമാനം വളർച്ചയും റെഫ്രിജറേറ്റർ അടക്കമുള്ള ഹോം അപ്ലയൻസുകളിൽ 41 ശതമാനവും വർധനവും രേഖപ്പെടുത്തി.
ക്വിക്ക് കൊമേഴ്‌സ് മേഖലയിൽ വൻ കുതിപ്പ്
ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗി ഇൻസ്റ്റാമാർട്ട് പോലുള്ള അവശ്യവസ്തുക്കൾ അതിവേഗം എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനികളുടെ വ്യാപാരത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 85 ശതമാനത്തിലേറെ ഉയർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഓൺലൈൻ ഷോപ്പിങ് വളർച്ചയിൽ ഇത് വലിയ മാറ്റമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.