കൊച്ചി: പകൽ കറങ്ങി നടന്ന് ബുള്ളറ്റ് കണ്ടുവച്ചു, രാത്രി മോഷണം. മോഷ്ടാവ് പിടിയിൽ. കീഴ്മാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് നീർചാൽ ഭാഗത്ത് ടിപ്പു മൻസിൽ അബ്ദുൾ നസീർ (30) നെയാണ് ആലുവ പോലീസ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. Online food delivery by day and theft by night
കഴിഞ്ഞ 19 ന് പുലർച്ചെയാണ് ആലുവ പവർ ഹൗസ് ജംഗ്ഷനു സമീപത്ത് ജീനോ എന്നയാളുടെ ബുള്ളറ്റ് വീട്ടുമുറ്റത്തു നിന്നും കാണാതെയായത്. തുടർന്ന് ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഓൺലൈൻ ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന ഇയാൾ പകൽ ഇടവഴികളും വീടും മറ്റും മനസിലാക്കി രാത്രിയിൽ കുടുംബമായി കറങ്ങുന്നതാണ് രീതി. 19 ന് പുലർച്ചെ നസീർ കുടംബ സമേതം മറ്റൊരു ആക്ടീവ സ്കൂട്ടറിൽ ആണ് ആലുവ ടൗൺ ഭാഗത്ത് എത്തിയത്.
പിന്നീട് ഇയാൾ സ്കൂട്ടർ ടൗൺ ഭാഗത്ത് ഒളിപ്പിച്ചതിനു ശേഷം കുടുംബത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തുകയും ബുള്ളറ്റ് മോഷ്ടിച്ച് തിരികെ എത്തി ഇവരെയും കയറ്റി പോവുകയുമായിരുന്നു.
പകൽ തിരികെ എത്തി ഇയാളുടെ സ്കൂട്ടറും കൊണ്ട് പോയി.
പിന്നീട് കോയമ്പത്തൂരിലേക്കു കടന്നു. 25 ന് മുപ്പത്തടം ഭാഗത്ത് അടുത്ത മോഷണത്തിനായി കറങ്ങി നടക്കുന്ന സമയത്താണ് നസീറിനെ പോലീസ് പിടികൂടിയത്. മോഷണം പോയ ബുള്ളറ്റും പോലീസ് കണ്ടെടുത്തു.
സോഷ്യൽ മീഡിയയിലെ പരസ്യം കണ്ട് ടുവീലറുകൾ വടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ച് വില്പന നടത്തുന്നത്തിനായി സൂക്ഷിച്ചിരുന്ന മറ്റൊരു ബുള്ളറ്റും, ആക്ടിവയും പോലീസ് കണ്ടെടുത്തു.
ആലുവ ഡി വൈ എസ് പി ടി. ആർ. രാജേഷിന്റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം. എം. മഞ്ജുദാസ് , എസ് ഐ മാരായ കെ. നന്ദകുമാർ, എസ്. എസ്. ശ്രീലാൽ, സി പി ഓ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ , കെ എം മനോജ് , പി എ നൗഫൽ തുടങ്ങയവരാണ് ഉണ്ടായിരുന്നത്, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.