കോൺഗ്രസ് രാഷ്ട്രീയത്തിലെ ‘ജനകീയൻ’ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഇന്നേക്ക് ഒരുവർഷം. പുതുപ്പള്ളിയുടെ മണ്ണിൽ ചവിട്ടിനിന്ന്, മലയാളികളെയാകെ നെഞ്ചിലേറ്റി, കേരളത്തിന്റെ ‘കുഞ്ഞൂഞ്ഞാ’യി വളർന്ന നാടിന്റെ മനംകവർന്ന നേതാവ്.One year of Ummen Chandy’s death
ആ ജന്മത്തിനൊപ്പം ചേർത്തുപറയാനൊരു പേരില്ലെന്നത് വിയോഗത്തിന് ഒരുവർഷത്തിനിപ്പുറവും രാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കുന്നു. ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച നേതാവെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിശേഷണം. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം കുഞ്ഞൂഞ്ഞിന്റെ ഓഫിസിലും വീട്ടിലും ജനം തിങ്ങിക്കൂടി
ആൾക്കൂട്ടത്തിന് നടുവിലായിരുന്നു എന്നും ഉമ്മൻ ചാണ്ടി. ആവലാതിക്കാരും അനുയായികളും ആരാധകരുമെല്ലാം ഉമ്മൻ ചാണ്ടി നിൽക്കുന്നിടത്ത് കടൽ തിരപോലെ ഇരച്ചുകയറുമായിരുന്നു. ഇങ്ങനെയൊരു ജനകീയ നേതാവിനെ അതിന് മുമ്പോ ശേഷമോ കേരളം കണ്ടിട്ടില്ല.
സർക്കാർ ചട്ടങ്ങളുടെ കർക്കശ്യത്തിൻ്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കെ എസ് യു വിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും സംസ്ഥാന
അദ്ധ്യക്ഷസ്ഥാനം വഹിച്ച് ഒരു തലമുറയെ ആവേശത്തോടെ നയിച്ചു.
തുടർച്ചയായി അര നൂറ്റാണ്ടിലേറെ കാലം നിയമസഭാ സമാജികനായി പുതുപ്പള്ളിയെ പ്രതിനീധികരിച്ചപ്പോഴും സ്വതസിദ്ധമായ സൗമ്യതയും അതിൽ ഉൾച്ചേർന്ന മനുഷ്യത്വവും മാഞ്ഞില്ല. തിരക്കുകളും പദവികളും പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ കൂടുതൽ വിനയാന്വതനാക്കി.
പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ യൂണിറ്റ് പ്രസിഡൻ്റിൽ നിന്ന് കേരളത്തിൻ്റെ ഏറ്റവും ജനകീയനായ നേതാവിൽ എത്തിയ ആ രാഷ്ട്രീയ ജീവിതം എന്നും ഒരു തുറന്ന പുസ്തകമായിരുന്നു.
ഇടയ്ക്കുയർന്നു പൊങ്ങിയ വിവാദത്തിൽ പെട്ടപ്പോഴും അതിൽ നിരപരാധി എന്ന് തെളിഞ്ഞപ്പോഴും ഒരേ സൗമ്യഭാവം.
ആരോടും പരാതികളില്ലായിരുന്നു. യാത്രകളിൽ അർദ്ധരാത്രിയിലും ഫയൽ നോക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ജനസമ്പർക്ക പരിപാടിയും കേരളത്തിന് പുതിയ അനുഭവമായിരുന്നു.
കോൺഗ്രസ് ഗ്രൂപ് രാഷ്ട്രീയത്തിൽ ‘എ’ ഗ്രൂപ്പിന്റെ സർവ സൈന്യാധിപനായ ഉമ്മൻ ചാണ്ടി ഗ്രൂപ്പിനതീതനായി കോൺഗ്രസിനകത്തും പാർട്ടിക്ക് അതീതമായി രാഷ്ട്രീയക്കാരിലും വലിയ സൗഹൃദം സ്ഥാപിച്ചെടുത്തു.
‘അതിവേഗം ബഹുദൂരം’, ‘വികസനവും കരുതലും’ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ അദ്ദേഹത്തിന്റെ കൈയൊപ്പുള്ള വികസന പദ്ധതികളുമേറെ. ഐക്യകേരളപ്പിറവിക്ക് ശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണ് കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസ് നേരിട്ടത്.
ഏറ്റവും വലിയ ‘ക്രൗഡ് പുള്ളറു’ടെ അഭാവം കോൺഗ്രസ് പ്രചാരണ വേദികളിൽ പ്രകടമായി കണ്ടു. അങ്ങനെയൊരു നേതാവിന്റെ പിൻബലമില്ലാത്ത സാഹചര്യം, അദ്ദേഹത്തിന്റെ ഓർമകൾ കത്തിച്ചുനിർത്തിയാണ് പാർട്ടി മറികടന്നത്.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ കുറിച്ച വാചകം ഇതാണ്. ‘ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു…’ അവിടെയെത്തുന്ന മനുഷ്യർക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളികളും അത് നെഞ്ചേറ്റുന്നു.