ബിഹാർ: വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹത്തിൽനിന്ന് ഒരു കണ്ണ് കാണാതായി. പട്ന സ്വദേശിയായ ഫാന്തുസ് കുമാർ എന്നയാളുടെ മൃതദേഹത്തിൽനിന്നാണ് ഇടതുകണ്ണ് നഷ്ടമായത്. മൃതദേഹം പട്നയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വയറിന് വെടിയേറ്റനിലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുമാറിനെ പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ യുവാവ് മരിച്ചു. തുടർന്ന് മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചു.
മണിക്കൂറുകൾക്ക് ശേഷം സംസ്കാരചടങ്ങിനായി കുടുംബം മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മൃതദേഹത്തിൽ ഇടതുകണ്ണില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ആശുപത്രി അധികൃതരാണെന്നും അവയവക്കച്ചവടത്തിന്റെ ഭാഗമായാണ് മൃതദേഹത്തിൽനിന്ന് കണ്ണ് നീക്കംചെയ്തതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, ഇത്തരം ആരോപണം ശരിയല്ലെന്നും കണ്ണ് എലി കരണ്ടതാകാനാണ് സാധ്യതയെന്നും ആശുപത്രി അധികൃതരും പ്രതികരിച്ചു.
ആശുപത്രിയിൽവെച്ച് കുമാറിന്റെ മൃതദേഹത്തിൽനിന്ന് കണ്ണ് നീക്കംചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുമാറിനെ ആക്രമിച്ചവരുമായി ചേർന്ന് ആശുപത്രിയിലെ ചിലർ നടത്തിയ ഗൂഢാലോചനയാണിതെന്നും അല്ലെങ്കിൽ ആശുപത്രിയിലെ ചിലർക്ക് അവയവമാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ഇവർ ആരോപിക്കുന്നത്.
അതേസമയം, ഇത്തരം ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. വിനോദ് കുമാർ സിങ് പ്രതികരിച്ചു. കണ്ണ് നഷ്ടമായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരുപക്ഷേ, എലികൾ കരണ്ടതാകാനാണ് സാധ്യത. വെടിയേറ്റ് ആശുപത്രിയിലെത്തിച്ച കുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിലൂടെ വെടിയുണ്ട പുറത്തെടുത്തു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 8.55-ഓടെയാണ് അദ്ദേഹം മരിച്ചത്.
അന്ന് രാത്രി ഒരുമണി വരെ അദ്ദേഹത്തിന്റെ കുടുംബം അവിടെയുണ്ടായിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ അഞ്ചുമണിക്കാണ് കണ്ണ് നഷ്ടമായെന്ന പരാതിയുമായി കുടുംബം വന്നതെന്നും സംഭവത്തിൽ പോലീസും അന്വേഷണം നടത്തുന്നുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.