രണ്ട് കണ്ണുകളിലും രണ്ട് നിറം. വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ. രാജ്യത്താദ്യമായി ഇരു കണ്ണുകളും വ്യത്യസ്ത നിറത്തോടുകൂടിയ പുള്ളിപ്പുലിയെ കണ്ടെത്തി.One eye is bluish-green and the other is brown
ഒരു കണ്ണിന് നീല കലർന്ന പച്ച നിറവും മറ്റൊന്നിന് തവിട്ടുനിറവുമാണ്. ഐഎഎസ് ഓഫീസർ സുപ്രിയ സഹു എക്‌സിൽ പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
കർണാടക സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ധ്രുവ് പാട്ടീൽ പകർത്തിയ ചിത്രത്തിലെ പുലിക്കാണ് ഈ സവിശേഷത.
കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ പുലിയാണ് ധ്രുവിന്റെ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയത്.
ബന്ദിപ്പൂരിലൂടെ സഞ്ചരിക്കുമ്പോൾ മരത്തിനുമുകളിൽ ഇരിക്കുന്ന വയസായ പെൺപുലിയെ ശ്രദ്ധയിൽപ്പെട്ട ധ്രുവ് പാട്ടീൽ ഇതിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു.
പകർത്തിയ ചിത്രങ്ങൾ പിന്നീട് എടുത്തുനോക്കുമ്പോഴാണ് പുലിയുടെ കണ്ണിന്റെ പ്രത്യേകത കണ്ടെത്തുന്നത്.
ഇത് സംബന്ധിച്ച വസ്തുതകളും അവർ പോസ്റ്റിനൊപ്പം കൂട്ടിച്ചേർത്തിരുന്നു. ‘ഹെറ്റെറോക്രോമിയ ഇറിഡം’ എന്ന അപൂർവ ജനിതകമാറ്റമാണ് പുള്ളിപ്പുലിയുടെ കണ്ണുകൾക്ക് രണ്ട് വ്യത്യസ്ത നിറങ്ങൾ ലഭിക്കാൻ കാരണം.
ഇന്ത്യയിൽ ഇതുവരെ ഒരു പുള്ളിപ്പുലിയിലും ഈ ജനിതക സവിശേഷത കണ്ടെത്തിയിരുന്നില്ല. പോസ്റ്റിനുതാഴെ കമന്റുകളിലൂടെ പലരും ഇതിൽ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിലർ ഇത്രയും മനോഹരമായി ചിത്രം പകർത്തിയ ഫോട്ടോ ഗ്രാഫറെയും അഭിനന്ദിച്ചു.