കുടയത്തൂർ: പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ് ടോപ്പും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണൻ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്തെന്ന് റിപ്പോർട്ട്.
അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാം മൈലിലും ശങ്കരപ്പള്ളിയിലും പാലായിലുമാണ് ഭൂമി വാങ്ങി കൂട്ടിയത്. സെന്റിന് ഒന്നര ലക്ഷം മുതൽ 4,80,000 രൂപ വരെ വില വരുന്ന ഭൂമിയാണ് ഇയാൾ വാങ്ങിയത്.
മുട്ടം ശങ്കരപ്പള്ളിക്ക് സമീപം 17.5 സെന്റ് വാങ്ങിയത് 84,00,000 രൂപയ്ക്കാണ്. ഇതിന് സമീപം തന്നെ ഫുട്ബാൾ ടർഫ് പണിയാനും സ്ഥലം നോക്കിയിരുന്നു എന്നാണ് വിവരം.
ഏഴാംമൈലിൽ 3,50,000 രൂപ വീതം നൽകി 12 സെന്റ് സ്ഥലമാണ് വാങ്ങിയത്. മറ്റ് പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ട്. ഒട്ടേറെ ഭൂമിക്ക് അഡ്വാൻസ് നൽകുകയും കരാറാക്കുകയും ചെയ്തതായും വിവരമുണ്ട്.
ലക്ഷങ്ങൾ വിലവരുന്ന നിരവധി വാഹനങ്ങളും ചുരുങ്ങിയ കാലത്തിനകം അനന്തു വാങ്ങിക്കൂട്ടി. 1.25 ലക്ഷം വിലയുള്ള സ്കൂട്ടറിന് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് 60,000 രൂപക്ക് നൽകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
60,000 രൂപ വൻ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ആയി സ്കൂട്ടർ കമ്പനിക്ക് നൽകുമെന്നായിരുന്നു അനന്തു പറഞ്ഞിരുന്നത്. ഇതേ വ്യവസ്ഥയിൽ 60,000 വിലവരുന്ന ലാപ്ടോപ് 30,000 നും 50,000 വില വരുന്നത് 25,000 നും നൽകിയിരുന്നു.
എന്നാൽ, ഭൂരിഭാഗം അപേക്ഷകരിൽനിന്ന് 60,000 വാങ്ങിയതല്ലാതെ സ്കൂട്ടർ നൽകിയില്ല. ഇതേ രീതിയിൽ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവ നൽകാനും പദ്ധതിയിട്ടു.
ഉപഭോക്താക്കളിൽനിന്നും വിഹിതം വാങ്ങിയശേഷം കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കണ്ടെത്താൻ ശ്രമം നടത്തി അത്തരത്തിൽ ആദ്യഘട്ടത്തിൽ ഫണ്ട് കിട്ടിയെങ്കിലും പിന്നീട് കിട്ടിയില്ല.
അനന്തുവിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ സംഘത്തിൽനിന്ന് പിണങ്ങി പിരിഞ്ഞിരുന്നു. ഡൽഹി കേന്ദ്രീകരിച്ചുള്ള ഉന്നതനും ഇവരുടെ കൂടെയുണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
13,336 ഇരുചക്ര വാഹനങ്ങൾ 45,876 തയ്യൽ മെഷീൻ 26,470 ലാപ്ടോപ് 15,085 സ്കൂൾ കിറ്റ് 6300 ഹൈടെക് കോഴിക്കൂട്, 2130 തേനീച്ചപ്പെട്ടി 937 വാട്ടർ പ്യൂരിഫയർ 18,000ത്തിൽ അധികം കർഷകർക്ക് മൂന്ന് ഘട്ടമായി 21,000 ടൺ ജൈവവളം എന്നിവ ആദ്യഘട്ടത്തിൽ നൽകിയെന്നാണ് അനന്തു പറയുന്നത്.