ക്ലാസ് മുറിയിൽ കിടന്നുറങ്ങി, സ്കൂൾ പൂട്ടി എല്ലാവരും പോയി, രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ തല ഗ്രില്ലിനിടയിൽ കുടുങ്ങി; രണ്ടാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്
ഭുവനേശ്വർ: ഒഡീഷയിലെ കേന്ദുഝർ ജില്ലയിൽ ഒരു രാത്രി മുഴുവൻ സ്കൂളിൽ കുടുങ്ങി രണ്ടാം ക്ലാസുകാരി. ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥിയെയാണ് സ്കൂളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
വെള്ളിയാഴ്ച കുട്ടിയെ സ്കൂളിൽ നിന്ന് കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജനലഴിയിൽ കുടുങ്ങിയ കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവം നടന്നത് വ്യാഴാഴ്ച വൈകുന്നേരമാണ്. ക്ലാസുകൾ അവസാനിച്ചതിന് ശേഷം എല്ലാ വിദ്യാർത്ഥികളും സ്കൂൾ വിട്ടു. എന്നാൽ രണ്ടാം ക്ലാസുകാരിയായ കുട്ടി ക്ലാസ്മുറിക്കുള്ളിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു.
സാധാരണയായി സ്കൂളിലെ പാചകക്കാരൻ ക്ലാസ്മുറികളുടെ വാതിൽ പൂട്ടാറുണ്ട്. എന്നാൽ അന്നേ ദിവസം കനത്ത മഴ കാരണം അദ്ദേഹം അവധിയിലായിരുന്നു. അതിനാൽ വൈകുന്നേരം നാലരയോടെ ഏഴാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികളെയാണ് ക്ലാസ് മുറികൾ പൂട്ടാനായി നിയോഗിച്ചത്.
ഈ സമയത്ത് ഉറങ്ങിക്കൊണ്ടിരുന്ന കുട്ടിയെ ആരും ശ്രദ്ധിച്ചില്ല. അതിനാൽ ക്ലാസ് മുറി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശങ്കപ്പെടുകയും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് രാത്രി മുഴുവൻ കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
അതേസമയം, ഉറക്കമുണർന്ന കുട്ടി സ്കൂൾ അടഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ പേടിച്ചുപോയി. പുറത്തേക്ക് രക്ഷപ്പെടാൻ അവൾ ശ്രമിച്ചു. ജനലിലൂടെ ഇറങ്ങാനാണ് കുട്ടി ശ്രമിച്ചത്. എന്നാൽ ദുരഭാഗ്യവശാൽ ജനലിലെ ഇരുമ്പ് ഗ്രില്ലിനിടയിൽ തല കുടുങ്ങുകയായിരുന്നു. ഏറെ നേരം അങ്ങനെ കുടുങ്ങിയ നിലയിലാണ് അവൾ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് കുട്ടിയെ ജനലിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വലിയ പരിശ്രമങ്ങളോടെയാണ് കുട്ടിയെ പുറത്തെടുത്തത്. പിന്നാലെ അവളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടക്കത്തിൽ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത്തരം അപകടം സംഭവിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. “കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം” എന്ന ആവശ്യം ശക്തമായി ഉയർന്നു.
അധ്യാപിക സഞ്ജിത നൽകിയ വിശദീകരണപ്രകാരം…
സ്കൂളിലെ അധ്യാപിക സഞ്ജിത നൽകിയ വിശദീകരണപ്രകാരം, കുട്ടി ഡെസ്കിന് കീഴിൽ ഉറങ്ങിയതിനാൽ ആരും കണ്ടില്ലെന്നാണ്. എന്നാൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആരോപണം വ്യക്തമാണ് – സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തിയെന്നതാണ്.
സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം അടിയന്തരമായി അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കുട്ടി എങ്ങനെയാണ് ഒരു രാത്രി മുഴുവൻ സ്കൂളിൽ കുടുങ്ങിയ നിലയിൽ അവഗണിക്കപ്പെട്ടത്, സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. കുറ്റക്കാരെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
സംഭവം സംസ്ഥാനത്തുടനീളം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. രക്ഷിതാക്കളിൽ ഭയം വർധിപ്പിച്ച ഈ സംഭവം ഭാവിയിൽ സ്കൂളുകളുടെ സുരക്ഷാ സംവിധാനം ശക്തമാക്കേണ്ടതിന്റെ ആവശ്യകത തെളിയിക്കുന്നു.
ENGLISH SUMMARY:
“A Class 2 girl in Odisha’s Keonjhar district was trapped overnight inside her school after being locked in by mistake. Found stuck in a window grill, she was rescued and hospitalized. Incident sparks outrage and inquiry against school authorities.”









