വിപണിയിൽ എത്തുന്ന ജാതിയ്ക്കയുടെ അളവ് കുറഞ്ഞതോടെ രണ്ടുമാസത്തിനിടെ ജാതിയ്ക്ക വില കുതിച്ചു കയറി. കിലോയ്ക്ക് 250-260 രൂപയായിരുന്ന തൊണ്ടോടു കൂടിയ ജാതിയ്ക്ക വില നിലവിൽ 380-400 രൂപയാണ്. മുൻപ് 400 രൂപയായിരുന്ന ജാതിയ്ക്ക പരിപ്പിന്റെ വില 700 രൂപയായി കുതിച്ചുയർന്നു. Nutmeg prices have skyrocketed in the past two months
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ജാതിക്ക കൂടുതലായി കമ്പോളങ്ങളിലെത്തുന്നത്. മറ്റു സ്ഥലങ്ങളിൽ ലഭിക്കുന്ന ജാതിക്കയേക്കാൾ വലിപ്പവും തൂക്കവും കൂടുതലുള്ളവയാണ് ഇടുക്കിയിൽ ലഭിക്കുന്നത്. ആവശ്യക്കാർ കൂടുതലാണ് എന്നതിനാൽ കമ്പോളങ്ങളിൽ നിന്നും ഗുണമേന്മകൂടിയ ജാതിയ്ക്ക ശേഖരിക്കാനായി മൊത്ത വ്യാപാരികൾക്കും താത്പര്യമാണ്.
കോട്ടയം ഈരാറ്റുപേട്ട കമ്പോളത്തിലേക്കാണ് ഹൈറേഞ്ചിൽ നിന്നുള്ള ജാതിയ്ക്ക കൂടുതലും എത്തുന്നത്. ഇത്തവണ ദീപാവലി സീസണിൽ ഉത്തരേന്ത്യയിലേക്ക് ജാതിയ്ക്ക വൻ തോതിൽ കയറ്റുമതി ചെയ്തിരുന്നു. ഇതോടെ കർഷകരുടെ കൈവശം ജാതിയ്ക്ക സ്റ്റോക്ക് ഇല്ലാതായി.
ഇതാണ് വിപണിയിലെത്തുന്ന ജാതിക്കയുടെ അളവ് കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ജാതിക്കായക്കുള്ള ആവശ്യകത നിലവിലെ അവസ്ഥയിൽ തുടർന്നാൽ വില ഇനിയും ഉയരാം.