ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം പരാതി നൽകി. ഹരോഹള്ളി പൊലീസിലാണ് പരാതി നൽകിയത്. അധ്യാപകരുടെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.(Nursing student Anamika’s death; family filed police complaint)
പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചു. ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടി. അധ്യാപകരുടെ മാനസിക പീഡനം സംബന്ധിച്ച് മകൾ സൂചിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. അനാമികയുടെ കൂടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനി മാനസിക പീഡനം സഹിക്കവയ്യാതെ പഠനം നിര്‍ത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു.
രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്ന അനാമികയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. അനാമിക കോളേജില്‍ പ്രവേശിച്ചിട്ട് വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍തന്നെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദം അനാമിക നേരിട്ടുവെന്നാണ് കുടുംബത്തിന്റെയും സഹപാഠികളുടെയും ആരോപണം.