പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അമ്മുവിന്റെ സഹപാഠികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. ഈ വിദ്യാർത്ഥികൾക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയിരുന്നു.(Nursing student Ammu’s death; Three students in custody)
കോട്ടയം സ്വദേശികളായ രണ്ടു വിദ്യാർത്ഥിനികളും പത്തനാപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനിയുമാണ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നു. അമ്മുവിൻ്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ സർവ്വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
അമ്മുവിന്റെ മരണത്തിന് പിന്നിൽ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സഹപാഠികളായ മൂന്ന് പേർക്ക് എതിരെയാണ് അമ്മുവിൻ്റെ കുടുംബം രംഗത്ത് വന്നത്. ഇവര്‍ നിരന്തരം ശല്ല്യപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക് പ്രാക്ടിസിനു പോയ സമയത്ത് കുട്ടികള്‍ തമ്മില്‍ വഴക്കിട്ടെന്നും ഇവര്‍ പിന്നീട് മകള്‍ക്ക് എതിരെ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.
ടൂർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഭീഷണിപ്പെടുത്തൽ തുടർന്നെന്നും കാണാതായ ലോഗ് ബുക്കിനുവേണ്ടി കുട്ടിയുടെ ബാഗ് പരിശോധിച്ചത് മകളെ മാനസികമായി ഉലച്ചെന്നും ബന്ധുക്കൾ പറഞ്ഞു.