നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി കേന്ദ്ര സർക്കാർ. പകരം ചുമതല റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് നൽകി. (NEET, NET paper leak row: Subodh Kumar Singh removed as NTA chief)
പ്രദീപ് സിങിനെ താത്കാലിക ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. പുതിയ എൻടിഎ ഡയറക്ടര്‍ ജനറലിനെ ഉടൻ നിയമിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന നെറ്റ് പരീക്ഷയിൽ 11.21 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു. യുജിസി നെറ്റ് പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരീക്ഷാ പേപ്പർ ചോർന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പർ വിൽപനയ്ക്ക് വച്ചുവെന്നുമുള്ള സിബിഐയുടെ കണ്ടെത്തൽ.
അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർപ്രദേശിൽ അറസ്റ്റിലായി. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് മുഖ്യസൂത്രധാരനായ രവി അത്രിയെ പിടികൂടിയത്. കേസിൽ ബിഹാർ പൊലീസ് അന്വേഷണ റിപ്പോർട്ട് കൈമാറി. പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകിയത്.
മൂന്നാം നരേന്ദ്ര മോദി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് നീറ്റ്, നെറ്റ് പരീക്ഷകളെ ചൊല്ലിയുള്ള വിവാദം. നരേന്ദ്ര മോദിയെ പരിഹസിച്ചും ആർഎസ്എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയ്യേറുന്നതും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. മൂന്നാം മോദി സർക്കാർ നേരിടുന്ന ആദ്യ പ്രതിസന്ധിയായി ചോദ്യ പേപ്പർ ചോർച്ച മാറുകയാണ്.
Read More: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം കട്ടപ്പനയില്‍; ലക്ഷാധിപതിയായി ജെന്‍ കുര്യൻ
Read More: ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് നീലച്ചടയൻ കഞ്ചാവുചെടി ; എക്‌സൈസ് അന്വേഷണം തുടങ്ങി