ബെംഗളുരു: കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്ന് കോടതി. ജീവന് അപകടമോ ഭീഷണിയോ ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി.
ജസ്റ്റിസ് എം നാഗപ്രന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. സി കൃഷ്ണയ്യ ചെട്ടി ആൻഡ് കംപനി പ്രവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറിനും ഭാര്യയ്ക്കും എതിരായ കേസിലാണ് കോടതിയുടെ നിരീക്ഷണം.
കുരുമുളക് സ്പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകൾ ഇന്ത്യയിൽ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്.വാക്കേറ്റത്തിനിടെയുള്ള ആക്രമണം സ്വയ രക്ഷ ലക്ഷ്യമിട്ടുള്ളതിനാൽ ക്രിമിനൽ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ കമ്പനി ഡയറക്ടറും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. കുരുമുളക് സ്പ്രേ പ്രയോഗത്തിൽ ഓടിയ ജീവനക്കാരന് വീണ് പരിക്കേറ്റിരുന്നു ഇതോടെയാണ് എതിർ കക്ഷി ക്രിമിനൽ കേസ് നൽകിയത്.
ഒരു ഭൂമി തർക്കത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. തർക്ക ഭൂമിയിലെ മതിലിൽ കൂടി കടക്കുന്നതിന് കോടതി കക്ഷികളെ വിലക്കിയിരുന്നു. എന്നാൽ പ്രത്യേക കോടതി ഉത്തരവ് സമ്പാദിച്ച എതിർ കക്ഷിയുടെ ജോലിക്കാർ മതിലിലൂടെ കടന്നതിനേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സ്വകാര്യ കമ്പനി ഡയറക്ടർ എതിർ കക്ഷിയുടെ ജീവനക്കാരന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.