തലസ്ഥാന നഗരത്തെ അടിമുടി മാറ്റാൻ കൂടുതൽ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നിതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കൂടുതൽ സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ് മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോർട്ട്. വിമാനത്താവളങ്ങൾക്ക് സമീപത്തായി ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, മൾട്ടിപ്ളക്സ് തുടങ്ങിയവ സ്ഥാപിക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരത്ത് രണ്ട് ഏക്കർ ഭൂമിയാണ് ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഒരു ധനകാര്യ മാധ്യമം റിപ്പോർട്ടുചെയ്യുന്നത്. നിലവിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി അടുത്തു തന്നെ വമ്പിച്ച മൂലധന നിക്ഷേപങ്ങൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത് 5-10 വർഷങ്ങൾക്കിടയിലാവും ഇതുണ്ടാവുക. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വിമാനത്താവളങ്ങൾക്ക് സമീപം റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി കേന്ദ്രങ്ങൾ തുടങ്ങുന്നത് തദ്ദേശീയർ ഉൾപ്പടെയുള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ തുറന്നു നൽകും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയർ ട്രാഫിക് കൺട്രോൾ ടവറും നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. 240 മുറികളുള്ളതാവും ഹോട്ടൽ എന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കേരളത്തിലെ ഒരു വിമാനത്താവളത്തിനടുത്തും ഇത്തരം എലൈറ്റ് ഹോട്ടലുകൾ ഇല്ല. പൈലറ്റുമാർക്കും എയർ ഹോസ്റ്റസുമാർക്കും ഇപ്പോൾ തലസ്ഥാനത്ത് നിന്ന് അകലെയുള്ള ഹോട്ടലുകളിലാണ് താമസം. ഇവർക്ക് വിമാനത്താവളത്തിനടുത്ത് തന്നെ താമസിക്കാൻ കഴിയുന്നതിനാൽ ഗതാഗതക്കുരുക്കും മറ്റും മൂലം ഇപ്പോൾ ഉണ്ടാകുന്ന സമയനഷ്ടം കുറയ്ക്കാനാവും. വിമാനത്താവളത്തിനോട് ചേർന്നുള്ള എലൈറ്റ് ഹോട്ടൽ വിദേശികൾക്കും പ്രയോജനകരമാകും.
ഹോട്ടൽ സമുച്ചയും വരുന്നതോടെ തലസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം സാദ്ധ്യമാക്കുന്നതിനൊപ്പം താെഴിലവസരങ്ങളും ലദ്യമാകും. വിഴിഞ്ഞം തുറമുഖം തന്നെ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. അതിവേഗം നടക്കുന്ന ദേശീയ പാതാ നവീകരണം കൂടി പൂർത്തിയാകുന്നതോടെ തലസ്ഥാന വികസനത്തിന് കൂടുതൽ വേഗത കൈവരിക്കും. കൊച്ചിയുടെ മാതൃകയിൽ തലസ്ഥാനത്തും മെട്രോ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
Read More: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! റെയിൽവേ ആറ് പ്രത്യേക സർവീസുകൾ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകൾ ഇതൊക്കെ
Read More: പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങി; കുതറിയാൽ രക്ഷപ്പെടും; ഭീതിയിൽ നാട്ടുകാർ