കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങൾ ഏത് ആരോപിക്കപ്പെട്ടാലും നിർബന്ധിതമായി നടത്തുന്ന സ്വകാര്യഭാഗത്തെ പരിശോധനക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
കേസിൻ്റെ സ്വഭാവം നോക്കിവേണം ഇക്കാര്യം തീരുമാനിക്കാനെന്ന് കോടതി പറഞ്ഞു. ഉമ്മവച്ചു, കെട്ടിപ്പിടിച്ചു എന്നൊക്കെയുള്ള പരാതികളിൽ പോലും സ്വകാര്യഭാഗത്ത് പരിശോധന നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇത് കുഞ്ഞുങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ്, സുന്ദർ മോഹൻ എന്നിവരടങ്ങുന്ന ഹൈക്കോടതി ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബലാൽസംഗ ഇരകളിൽ തെളിവെടുപ്പിൻ്റെ ഭാഗമായി നടത്തിയിരുന്ന ഇരുവിരൽ പരിശോധന (Two Finger test) അവസാനിപ്പിച്ചത് 2022 ഒക്ടോബറിൽ സുപ്രീംകോടതിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ഹിമ കോഹ്‍ലിയും ഉൾപ്പെട്ട ബെഞ്ചായിരുന്നു.
സുപ്രീം കോടതിയോളം വരില്ലെങ്കിലും ഭരണഘടനാ സ്ഥാപനമെന്ന നിലക്ക് ഹൈക്കോടതിയുടെ പുതിയ ഉത്തരവും രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് ബാധകമാണ്. ബലാൽസംഗം (Penetrative Sexual assault) എന്ന് പരാതി വരുന്ന കേസിലല്ലാതെ സ്വകാര്യഭാഗത്തെ പരിശോധന കൊണ്ടെന്ത് കാര്യമാണുള്ളതെന്ന് കോടതി ചോദിക്കുന്നു.
പോക്സോ നിയമത്തിലെ സെക്ഷൻ 3,5 എന്നിവ ചുമത്തപ്പെടുന്ന കേസുകളിൽ മാത്രം അത്തരം പരിശോധന വേണ്ടിവരും. അല്ലാത്തവയിൽ അത് വേണ്ടിവരാറില്ല. ഒരു തെളിവും കണ്ടെത്താനില്ലെന്ന് നല്ല ധാരണയുളളപ്പോൾ, അത്തരം പരിശോധനയും സാംപിൾ ശേഖരണവുമൊക്കെ ഒഴിവാക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഇത്തരം പരിശോധനക്ക് സമ്പൂർണ നിരോധനമല്ല വിധികൊണ്ട് ഉദ്ദേശിക്കുന്നത് എന്നും കോടതി പറഞ്ഞു. കുട്ടി ഉന്നയിക്കുന്ന പരാതിയിൽ, പരുക്കുകൾ ഉണ്ടെങ്കിൽ അവയുടെയും സ്വഭാവം പരിഗണിച്ച് ഡോക്ടർമാരാണ് പരിശോധനയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. പോക്സോ നിയമത്തിൻ്റെ പരിധിയിൽ വരുന്ന ഏത് അതിക്രമത്തിനും സ്വകാര്യഭാഗങ്ങളിലെ പരിശോധന നിർബന്ധമാണ് എന്നാണ് പോക്സോ സെക്ഷൻ 27പറയുന്നത്.