ന്യൂഡൽഹി: രാജ്യത്തെ വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തിൽ നിതിൻ ഗഡ്‍കരി വ്യക്തത വരുത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് നിതിൻ ഗഡ്‍കരിയുടെ പ്രഖ്യാപനം.
സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഹോൺ ശബ്‍ദം മനോഹരമാക്കുമെന്നും ആളുകളെ ശല്യപ്പെടുത്തില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഗതാഗത മേഖല മൂലമുണ്ടാകുന്ന വായു മലിനീകരണത്തെപ്പറ്റിയും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു.
വാഹനങ്ങളുടെ ഹോണുകളിൽ ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം തുടങ്ങിയ ഇന്ത്യൻ ഉപകരണങ്ങളുടെ ശബ്ദം ഉണ്ടാകണമെന്ന് നിതിൻ ഗഡ്കരി പറയുന്നു.
ഇതിനർത്ഥം ഇനി മുതൽ വാഹനങ്ങളുടെ ഹോണുകൾ കഠിനമായി മുഴങ്ങില്ല എന്നു തന്നെയാണ്, മറിച്ച് അത് ശ്രുതിമധുരമായ സംഗീതം പോലെയായിരിക്കും.
രാജ്യത്തെ റോഡുകളും ഗതാഗത സംവിധാനവും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ മലിനീകരണം കുറയ്ക്കുകയും ജനങ്ങൾക്ക് സുഖകരമായ യാത്രാനുഭവം നൽകുകയും ചെയ്യുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായു മലിനീകരണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച നിതിൻ ഗഡ്കരി, രാജ്യത്തെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖല മൂലമാണെന്നും അതിനാൽ മെഥനോൾ, എഥനോൾ പോലുള്ള പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വളർച്ചയെക്കുറിച്ച് പരാമർശിക്കവേ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖല ഗണ്യമായി വികസിച്ചുവെന്ന് നിഥിൻ ഗഡ്കരി പറഞ്ഞു.
2014 ൽ ഈ മേഖലയുടെ മൂല്യം 14 ലക്ഷം കോടി രൂപയായിരുന്നു എന്നും ഇന്ന് അത് 22 ലക്ഷം കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോൾ ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.









