പാലക്കാട്: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാട്ടിൽ കർശന പരിശോധന. പാലക്കാട് വാളയാർ അതിർത്തിയിലാണ് യാത്രക്കാരെ പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.(Nipah; Strict screening for passengers from Kerala to Tamil Nadu)
നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കിയത്. അതേ സമയം മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ പറഞ്ഞെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ച് വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആരും വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടം ഉണ്ടാക്കും. കൂടുതൽ വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകി.