ബി ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെ ഒമ്പത് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. സുരേന്ദ്രനെ കൂടാതെ എൻഡിഎ മുന്നണിയിലെ മറ്റ് എട്ട് പേർക്ക് കൂടി കെട്ടിവച്ച തുക നഷ്ടമായി.മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ ആറിലൊന്ന്, അഥവാ 16.7 ശതമാനം വോട്ട് നേടാനാകാത്ത വന്ന സാഹചര്യത്തിലാണ് കെട്ടിവച്ച തുകയായ 25,000 നഷ്ടപ്പെടുന്നത്. (Nine candidates of BJP including K.Surendran failed without even getting the money they pledged.)
.
സി.രഘുനാഥ് – കണ്ണൂർ (11.27%)പ്രഫുൽ കൃഷ്ണ – വടകര (9.97%)കെ.എ.ഉണ്ണികൃഷ്ണൻ – ചാലക്കുടി (11.18 %)ഡോ.കെ.എസ് രാധാകൃഷ്ണൻ – എറണാകുളം (15.87 %)അഡ്വ.നിവേദിത – പൊന്നാനി (12.16 %)ഡോ.അബ്ദുൾ സലാം – മലപ്പുറം (7.87 %)സംഗീത വിശ്വനാഥൻ – ഇടുക്കി (10.86 %)ബൈജു കലാശാല – മാവേലിക്കര (15.98 %)
എന്നാൽ സുരേഷ് ഗോപിയടക്കം എൻഡിഎയുടെ 11 സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് തിരിച്ചുകിട്ടിയതും മുന്നണിയെ സംബന്ധിച്ച് ആശ്വാസമാണ്.
തിരുവനന്തപുരത്ത് മത്സരിച്ച രാജീവ് ചന്ദ്രശേഖറിന് 35.52 ശതമാനവും ആറ്റിങ്ങലിലെ സ്ഥാനാർത്ഥി വി.മുരളീധരന് 31.64 ശതമാനവും ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് 28.3 ശതമാനവും ലഭിച്ചത് ഗംഭീര നേട്ടങ്ങളായാണ് പാർട്ടി ദേശീയ നേതൃത്വമടക്കം വിലയിരുത്തുന്നത്.
തുകയുടെ വലുപ്പത്തേക്കാളുപരി തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന മിനിമം ജനപിന്തുണ നേടാൻ കഴിയാതെ വരിക എന്നത് പാർട്ടികളെയും മത്സരാർത്ഥികളെയും സംബന്ധിച്ച് രാഷ്ട്രിയമായി കടുത്ത തിരിച്ചടിയും അപമാനവുമാണ്.
വയനാട്ടിൽ യുഡിഎഫിനും എൽഡിഎഫിനുമെതിരായി മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് മൊത്തം പോൾ ചെയ്ത വോട്ടിൽ കേവലം 13 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.
കെട്ടിവച്ച കാശ് തിരിച്ചു കിട്ടണമെങ്കിൽ 16.7 ശതമാനമായ 1,90,899 വോട്ട് നേടേണ്ടിയിരുന്നു. കിട്ടിയതാകട്ടെ 1,41,045 വോട്ടുകളും. ഇതാണ് കടുത്ത നാണക്കേടിലേക്ക് പാർട്ടിയെയും പ്രസിഡൻ്റിനെയും എത്തിക്കുന്നത്. അതേസമയം 2019ൽ തുഷാർ വെള്ളാപ്പള്ളി നേടിയതിലും 62,000ലധികം വോട്ടിൻ്റെ വർധന ഉണ്ടാക്കാൻ സുരേന്ദ്രന് കഴിഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ 13 സ്ഥാനാർത്ഥികൾക്കാണ് സെക്യൂരിറ്റി തുക നഷ്ടപ്പെട്ടത്. അത് പരിഗണിച്ചാൽ പാർട്ടിയുടെ നില മെച്ചപ്പെട്ടു എന്നതിൽ സംസ്ഥാന നേതൃത്വത്തിന് ആശ്വസിക്കാം.
അതേസമയം കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച കെ.സുരേന്ദ്രന് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയിരുന്നു. അന്ന് സുരേന്ദ്രൻ പിടിച്ചത്ര വോട്ടുകൾ നേടാൻ ഇത്തവണ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ വയനാട്ടിൽ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിക്ക് സെക്യൂരിറ്റി തുക നഷ്ടപ്പെട്ടിരുന്നു.
ഇത്തവണ കോട്ടയത്ത് തുഷാറിന് തുക തിരിച്ചുകിട്ടുകയും ചെയ്തിട്ടുണ്ട്. 2019ൽ ആലപ്പുഴയിൽ കെട്ടിവെച്ച കാശ് നേടിയ ഡോ.കെ.എസ്.രാധാകൃഷ്ണന് ഇത്തവണ എറണാകുളത്ത് കാശ് പോയി എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണി ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് വിഹിതം കൂട്ടുകയും അക്കൗണ്ട് തുറക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കുതിച്ചുയരുന്നത്.
ഇത്തവണ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമത് എത്തിയെന്നതും 19.26 ശതമാനം വോട്ട് നേടിയെന്നതും വളർച്ചയുടെ ഗ്രാഫ് മുകളിലേക്കാണ് എന്നതിൻ്റെ ലക്ഷണങ്ങളാണ്. നരേന്ദ്ര മോദി മൂന്നാം വട്ടം അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തെ ബിജെപിയുടെ ക്രമാനുഗതമായ വളർച്ച ദേശീയ നേതൃത്വത്തിന് പ്രതീക്ഷ നൽകുന്നതാണ്