കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അപകടത്തിൽ പരിക്കേറ്റ പതിനാറു പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.(Nileswaram fireworks accident; government will bear the medical expenses of injured persons)
അതേസമയം കളിയാട്ട മഹോത്സവത്തിനായുള്ള പടക്കങ്ങള്‍ സൂക്ഷിക്കാൻ അനുമതി ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ക്ഷേത്ര പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാടി സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
154 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ കേരളത്തിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിലായാണ് ചികിത്സയിൽ കഴിയുന്നത്.