വനിത ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ കിരീടത്തിൽ മുത്തമിട്ട് ന്യൂസിലാൻഡ്. ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ ജയത്തോടെയാണ് ന്യൂസിലൻഡ് കന്നിക്കിരീടം സ്വന്തമാക്കിയത്. Newzeland wins womens t20 worldcup title.
ആദ്യം ബാറ്റ് ചെയ്ത കീവിസ് വനിതകൾ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 126 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
കിവിവനിതകളുടെ ആദ്യ ലോകകപ്പ് നേട്ടമാണിത്. അതേസമയം, മികച്ച ടീമായിട്ടും ക്രിക്കറ്റ് ലോകകപ്പ് കൈയിലൊതുങ്ങാത്ത ടീമെന്ന അപഖ്യാതി ദക്ഷിണാഫ്രിക്കയുടെ മേൽ തുടരും. പുരുഷന്മാരുടെയും വനിതകളുടെയും ലോകകപ്പ് കിരീടം സ്വന്തമാക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ അമേലിയ കെർ കളിയിലെയും ടൂർണമെന്റിലെയും താരമായി. 38 പന്തിൽ 43 റൺസെടുത്ത കെർ, 31 പന്തിൽ 32 റൺസെടുത്ത സൂസി ബേറ്റ്സ്, 28 പന്തിൽ 38 റൺസെടുത്ത ബ്രൂക് ഹല്ലിഡേ എന്നിവരുടെ കരുത്തിലാണ് ന്യൂസിലൻഡ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ നായിക ലോറ വോൾവാർഡിറ്റ് 27 പന്തിൽ 33 റൺസുമായി മുന്നിൽനിന്ന് നയിച്ചെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.
ടസ്മിൻ ബ്രിറ്റ്സ് 17 (18), ക്ലോ ട്രിയോൺ 14 (16), ആന്നെറി ഡെർക്സൺ 10 (9) എന്നിവർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം തികക്കാൻ കഴിഞ്ഞത്.
നാലോവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കെർ, നാലോവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത റോസ്മേരി മെയർ എന്നിവരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.