വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നൽകി നവവധു
ലക്നൗ ∙ വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ നവവധു കുഞ്ഞിന് ജന്മം നൽകിയ അപൂർവവും ശ്രദ്ധേയവുമായ സംഭവം ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിൽ നടന്നു.
വിവാഹ ആഘോഷങ്ങൾ അവസാനിച്ച് അതിഥികൾ പിരിഞ്ഞുപോകുന്നതിന് മുമ്പാണ് യുവതിക്ക് പ്രസവവേദന ആരംഭിച്ചത്. സംഭവം ഗ്രാമമാകെ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
കുംഹാരിയ ഗ്രാമത്തിൽ താമസിക്കുന്ന റിസ്വാനും അയൽഗ്രാമമായ ബഹാദൂർഗഞ്ചിലെ യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു.
വിവാഹത്തിന് മുൻപേ ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇതിന്റെ ഫലമായാണ് യുവതി ഗർഭിണിയായതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇക്കാര്യം അറിഞ്ഞതോടെ ഇരുവീട്ടുകാരിലും ആശങ്കയും അഭിപ്രായ ഭിന്നതയും ഉണ്ടായി. പിന്നീട് യുവതിയുടെ ബന്ധുക്കൾ വിവാഹാവശ്യവുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.
സംഭവം ഗൗരവമായി പരിഗണിച്ച പൊലീസ് ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ഇരുവീട്ടുകാരെയും വിളിച്ചുചേർത്ത് ചർച്ച നടത്തി.
വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മ നൽകി നവവധു
ആചാരങ്ങളും സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഇരുവർക്കും വിവാഹം കഴിപ്പിക്കുകയാണ് ഉചിതമെന്ന തീരുമാനത്തിലാണ് ഒടുവിൽ എത്തിയത്. തുടർന്ന് പരമ്പരാഗത രീതിയിൽ വിവാഹം നടത്താനും തീയതി നിശ്ചയിക്കാനും തീരുമാനിച്ചു.
ശനിയാഴ്ച വൈകുന്നേരത്തോടെ വിവാഹ ആഘോഷങ്ങൾക്കായി റിസ്വാനും ബന്ധുക്കളും ബഹാദൂർഗഞ്ചിലെ വധുവിന്റെ വീട്ടിലെത്തി.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആചാരപ്രകാരം വിവാഹ കർമങ്ങൾ നടന്നു. തുടർന്ന് വധുവിനെ കൂട്ടി വരൻ സ്വന്തം വീട്ടിലേക്കു തിരിച്ചു.
വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ വീട്ടുകാർ ചികിത്സ തേടുകയും യുവതിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അവിടെ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവത്തിലാണെന്ന കാര്യം വ്യക്തമായത്. പിന്നീട് പെൺകുഞ്ഞിന് യുവതി ജന്മം നൽകി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിവാഹദിവസം തന്നെയുള്ള പ്രസവം പ്രദേശത്ത് വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ചിട്ടുണ്ട്. ചിലർ ഇതിനെ അസാധാരണ സംഭവമായി കാണുമ്പോൾ, മറ്റുചിലർ സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമായാണ് വിലയിരുത്തുന്നത്.









