കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയെ റിമാൻഡ് ചെയ്തു. ഈ മാസം 18 വരെയാണ് യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി കോടതി നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
യുവതിയുടെ ആരോഗ്യം സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആന്തരികാവയവങ്ങൾക്ക് അണുബാധയേറ്റത് മൂലം യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.
Read Also: ഇനി മഴയുടെ ദിനങ്ങളിലേക്ക്? വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ