പൂജ സാധനങ്ങളും ചാരവും പുഴയിൽ ഒഴുക്കരുത്; വേസ്റ്റ് ബിന്നിൽ ഇടണം
വെല്ലിങ്ടൺ: മതപരമായ ആചാരങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ന്യൂസിലൻഡിന്റെ മാതൃക കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ന്യൂസിലൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കണ്ടന്റ് ക്രിയേറ്റർ ഡോളീ പ്രജാപതിയാണ് വീഡിയോ പങ്കുവെച്ചത്.
ന്യൂസിലൻഡിലെ ദൈനംദിന ജീവിതവും സാമൂഹിക സംവിധാനങ്ങളും പരിചയപ്പെടുത്തുന്ന ഉള്ളടക്കങ്ങളാണ് ഡോളീ തന്റെ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവയ്ക്കുന്നത്.
ഫോളോവേഴ്‌സിൽ നിന്ന് സ്ഥിരമായി ഉയരുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് വീഡിയോ തയ്യാറാക്കിയതെന്ന് ഡോളീ പറയുന്നു.
“ന്യൂസിലൻഡിൽ പൂജ കഴിഞ്ഞാൽ അവശിഷ്ടങ്ങൾ എങ്ങനെ നിക്ഷേപിക്കുന്നു?” എന്ന ചോദ്യത്തിനാണ് അവർ വിശദമായ മറുപടി നൽകുന്നത്.
ഇന്ത്യയിൽ സാധാരണയായി പൂജാ അവശിഷ്ടങ്ങൾ നദികളിലോ കുളങ്ങളിലോ ഒഴുക്കുന്ന രീതിയുണ്ടെങ്കിലും, ന്യൂസിലൻഡിൽ ഇത്തരമൊരു നടപടി കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഡോളീ വ്യക്തമാക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള നിയമങ്ങൾ അനുസരിച്ച് വിഗ്രഹങ്ങൾ, പൂജാസാമഗ്രികൾ, പൂക്കൾ, ഇലകൾ, തേങ്ങ തുടങ്ങിയവ ജലാശയങ്ങളിൽ നിക്ഷേപിക്കാൻ പാടില്ല.
പകരം, ഇവ ‘ഗ്രീൻ വേസ്റ്റ് ബിൻ’കളിൽ ഇടണം. അവ പിന്നീട് വളമാക്കി മാറ്റുന്നു. അല്ലെങ്കിൽ, ജൈവവസ്തുക്കൾ സ്വന്തം പറമ്പിലെ മണ്ണിൽ കുഴിച്ചുമൂടാനും അനുവാദമുണ്ട്.
പൂജയ്ക്ക് ശേഷം ഹോമകുണ്ഡത്തിൽ നിന്നുള്ള ചാരം പേപ്പറിൽ പൊതിഞ്ഞ് കോമ്പോസ്റ്റ് ബിന്നിൽ ഇടണമെന്നും, ചെറിയ അളവിൽ ചാരം ചെടികൾക്ക് ചുറ്റും വിതറുന്നത് അനുവദനീയമാണെന്നും അവർ വിശദീകരിക്കുന്നു.
പ്രകൃതിയെ മലിനമാക്കാതെ മതാചാരങ്ങൾ നിർവഹിക്കാൻ കഴിയുമെന്ന ബോധവത്കരണമാണ് ന്യൂസിലൻഡ് ഭരണകൂടം പൗരന്മാർക്ക് നൽകുന്നതെന്ന് ഡോളീ പറയുന്നു.
അവിടെ താമസിക്കുന്ന ഹൈന്ദവ സമൂഹം ഈ നിയമങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് വിശ്വാസാചാരങ്ങൾ തുടരുന്നത്. ചിരാതുകൾ, അഗർബത്തികൾ തുടങ്ങിയവയും ജലാശയങ്ങളിൽ നിക്ഷേപിക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്.
ഡോളീ പ്രജാപതിയുടെ വീഡിയോ വൈറലായതോടെ, ഇന്ത്യയിലും ഇത്തരത്തിലുള്ള പരിസ്ഥിതി സൗഹൃദ സമീപനങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
English Summary
A video explaining how New Zealand balances religious practices with environmental protection has gone viral on social media. Shared by content creator Dolly Prajapati, the video explains that immersing idols or prayer remnants in rivers and lakes is strictly prohibited in New Zealand. Instead, organic offerings like flowers and leaves must be disposed of in green waste bins or composted. The video highlights how the Hindu community in New Zealand follows eco-friendly practices while maintaining religious traditions, sparking discussions in India about adopting similar methods.
new-zealand-religion-environment-eco-friendly-rituals
New Zealand, environment protection, religious practices, viral video, eco-friendly rituals, Hindu community, social media news









