പെൻസിൽമുനയോളം മാത്രം വലുപ്പം; ഇത്തിരികുഞ്ഞൻ ഓറഞ്ച് തവളയെ കണ്ടെത്തി
തെക്കൻ ബ്രസീലിലെ അറ്റ്ലാന്റിക് വനമേഖലയിൽ പുതിയ ഇനത്തിലുള്ള കുഞ്ഞൻ തവളയെ കണ്ടെത്തി.
സെറ ഡോ ക്വിരിരി പർവതനിരയിലെ മേഘക്കാടുകളുടെ ആഴത്തിൽ, അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ അപൂർവ ജീവിയെ കണ്ടെത്തിയത്.
ബ്രാച്ചിസെഫാലസ് ലുലൈ (Brachycephalus lulai) എന്ന് പേരിട്ടിരിക്കുന്ന ഈ തവള ശാസ്ത്രലോകത്തിന് പുതുതായി തിരിച്ചറിഞ്ഞ ഒരു ഇനമാണെന്ന് ഗവേഷകർ വ്യക്തമാക്കി.
വളരെ ചെറിയ പ്രദേശങ്ങളിൽ മാത്രം ജീവിക്കുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ബ്രാച്ചിസെഫാലസ് വർഗത്തിൽപ്പെടുന്ന തവളകളെ കണ്ടെത്തുന്നതിനായി വർഷങ്ങളായി ഗവേഷകർ ഈ മേഖലയിലുടനീളം പഠനങ്ങൾ നടത്തിവരികയായിരുന്നു.
മനോഹരമായ ഓറഞ്ച് നിറത്തിലുള്ള ‘പംപ്കിൻ ടോഡ്‌ലെറ്റ്’ വിഭാഗത്തിൽപ്പെടുന്ന ഇവ ലോകത്തിലെ ഏറ്റവും ചെറിയ തവളകളിൽ ഒന്നാണ്.
പെൻസിലിന്റെ അറ്റത്തോളം മാത്രം വലുപ്പമുള്ള ഈ തവളകൾക്ക് ഓറഞ്ച് നിറത്തിൽ പച്ചയും തവിട്ടും കലർന്ന പുള്ളികളുണ്ട്. സെറ ഡോ ക്വിരിരി പർവതനിരയിലെ ക്ലൗഡ് ഫോറസ്റ്റ് പ്രദേശങ്ങളിലാണ് ഇവയുടെ ആവാസകേന്ദ്രം.
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോടുള്ള ആദരസൂചകമായാണ് ഈ പുതിയ ഇനത്തിന് ‘ബ്രാച്ചിസെഫാലസ് ലുലൈ’ എന്ന പേര് നൽകിയിരിക്കുന്നത്.
സാധാരണ തവളകളിൽ നിന്ന് വ്യത്യസ്തമായി, ഇവയുടെ ഇണചേരൽ സമയത്ത് പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം വഴിയാണ് ശാസ്ത്രജ്ഞർ ആദ്യം ഈ ഇനത്തെ തിരിച്ചറിഞ്ഞത്.
തുടർന്ന് ഡിഎൻഎ പരിശോധന, സിടി സ്‌കാൻ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇവ തികച്ചും വ്യത്യസ്തമായ ഒരു ജീവിവർഗമാണെന്ന് സ്ഥിരീകരിച്ചത്.
ഒരു വലിയ പയർ മണിയുടെ വലുപ്പമേ ഇവയ്ക്കുള്ളൂ. ആൺതവളകൾക്ക് 8.9 മുതൽ 11.3 മില്ലിമീറ്റർ വരെയും, പെൺതവളകൾക്ക് 11.7 മുതൽ 13.4 മില്ലിമീറ്റർ വരെയും വലുപ്പമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
നിലവിൽ വംശനാശ ഭീഷണി കുറഞ്ഞ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും, ഈ ഇനത്തിന്റെ സംരക്ഷണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
പ്രസിഡന്റിന്റെ പേര് ഈ തവളയ്ക്ക് നൽകിയതിലൂടെ അറ്റ്ലാന്റിക് വനമേഖലയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
കൂടാതെ, ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് പുതിയ ഭീഷണികൾ ഉയരുന്നുണ്ടോ എന്ന് കണ്ടെത്താൻ തുടർച്ചയായ നിരീക്ഷണവും സമീപ പ്രദേശങ്ങളിലെ സമാന പർവത മേഖലകളിൽ കൂടുതൽ സർവേകളും നടത്താൻ ശാസ്ത്രസംഘം തയ്യാറെടുക്കുകയാണ്.
English Summary
Scientists have discovered a new species of tiny frog in the cloud forests of the Serra do Quiriri mountain range in Brazil’s Atlantic Forest. Named Brachycephalus lulai in honor of Brazilian President Luiz Inácio Lula da Silva, the bright orange “pumpkin toadlet” is among the smallest frogs in the world. Identified through unique mating calls and confirmed using DNA analysis and CT scans, the species lives in a very restricted habitat. Although currently listed as low risk, researchers stress the urgent need for conservation and continuous monitoring of its environment.
new-tiny-frog-species-discovered-brazil-atlantic-forest
Brazil, Atlantic Forest, new species discovery, Brachycephalus lulai, pumpkin toadlet, cloud forest, wildlife research, biodiversity conservation









