വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ: വിശദവിവരങ്ങൾ:
തിരുവനന്തപുരം ∙ സംസ്ഥാനത്തെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ആശ്വാസമായി വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ 15 ട്രെയിനുകൾക്ക് പുതുതായി നിർത്തൽ അനുവദിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
ഈ തീരുമാനം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ചെറുതും ഇടത്തരവുമായ സ്റ്റേഷനുകളെ ദീർഘദൂര ട്രെയിൻ ശൃംഖലയുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.
പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതോടെ വിദ്യാർത്ഥികൾക്കും ജോലി ആവശ്യാർത്ഥം യാത്ര ചെയ്യുന്നവർക്കും തീർഥാടകർക്കും ഗണ്യമായ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്പ്രസ് (16127, 16128) ഇനി മുതൽ അമ്പലപ്പുഴ സ്റ്റേഷനിൽ നിർത്തും.
നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് (16325, 16326) തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മധുരൈ – ഗുരുവായൂർ എക്‌സ്പ്രസ് (16327, 16328) ചെറിയനാട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസ് (16334) പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ നിർത്തും. നാഗർകോവിൽ – ഗാന്ധിധാം വീക്ക്ലി എക്‌സ്പ്രസ് (16336) പരപ്പനങ്ങാടി സ്റ്റേഷനിൽ നിർത്തും.
വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ: വിശദവിവരങ്ങൾ:
ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (16341) പൂങ്കുന്നം സ്റ്റേഷനിലും നിർത്തും.
നാഗർകോവിൽ – കോട്ടയം എക്‌സ്പ്രസ് (16366) ധനുവച്ചപുരം സ്റ്റേഷനിലും, തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് (16609) കണ്ണൂർ സൗത്ത് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
പുനലൂർ – മധുരൈ എക്‌സ്പ്രസ് (16730) ബാലരാമപുരം സ്റ്റേഷനിൽ നിർത്തും. ടൂട്ടിക്കോറിൻ – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) കിളിക്കൊല്ലൂർ സ്റ്റേഷനിലും സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ് (19259) കൂടാതെ എറണാകുളം – പുണെ എക്‌സ്പ്രസ് (22149, 22150) വടകര സ്റ്റേഷനിൽ നിർത്തും.
എറണാകുളം – കായംകുളം മെമു (16309, 16310) ഏറ്റുമാനൂർ സ്റ്റേഷനിലും, ഹിസാർ – കോയമ്പത്തൂർ എക്‌സ്പ്രസ് (22475, 22476) തിരൂർ സ്റ്റേഷനിലും നിർത്തും.
ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് (22651, 22652) കൊല്ലങ്കോട് സ്റ്റേഷനിലും, നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (66325, 66326) തുവ്വൂർ സ്റ്റേഷനിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഈ തീരുമാനത്തോടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ ശക്തമാകുമെന്നും പൊതുജനം സ്വാഗതം ചെയ്യുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.









